ന്യൂദല്‍ഹി: ഭീകര സംഘടന ജയ്ഷെ-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ കാണ്ഡഹാറില്‍ താലിബാന് നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീരില്‍ ഭീകരത പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ തേടി. മൗലാന മസൂദ് അസ്ഹര്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ഉള്‍പ്പെടെയുള്ള താലിബാന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്വരയില് അസ്വസ്ഥതയുണ്ടാക്കാനും ഇന്ത്യന്‍ മണ്ണില്‍ ആക്രമണത്തിന് ജെഇഎമ്മിനെ സഹായിക്കാനും അസ്ഹര്‍ താലിബാനോട് സഹായം അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആഗസ്റ്റ് 15-ന് കാബൂള്‍ പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം താലിബാന്റെ വിജയത്തില്‍ മസൂദ് അസ്ഹര്‍ സന്തോഷവും അറിയിച്ചിരുന്നു. ആഗസ്റ്റ് 16-ന് ‘മന്‍സില്‍ കി തരഫ്’ (ലക്ഷ്യസ്ഥാനത്തേക്ക്) എന്ന പേരില്‍ താലിബാന്റെ വിജയത്തില്‍ കുറിപ്പും ജയ്ഷെ പുറത്തിറക്കിയിരുന്നു. കൂടാതെ, താലിബാന് അഫ്ഗാനിസ്ഥാന് കൈയടക്കി ശേഷം പാക്കിസ്ഥാനിലെ ബഹവാല്‍പൂരിലെ മര്‍ക്കസില്‍ ജെഇഎം പ്രവര്‍ത്തകര്‍ ആഘോഷപ്രകടനവും നടത്തിയിരുന്നു.
താലിബാനും ജെയ്ഷെ മുഹമ്മദും ഇസ്ലാമിക ഭീകരതയുടെ ഒരേ തൂവല്‍പക്ഷികളാണ്. അസ്ഹര്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുകയായിരുന്നപ്പോള് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 പാകിസ്ഥാന് ഭീകരര്‍ തട്ടിയെടുക്കുകയും താലിബാനി നിയന്ത്രണത്തിലുള്ള കാണ്ഡഹാറിലേക്ക് വിമാനം എത്തിക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് ലക്നൗവിലേക്ക് പോകുമ്പോള്‍ വിമാനത്തെ തട്ടിക്കൊണ്ടുപോയ യാത്രക്കാരുടെ സുരക്ഷയ്ക്ക് പകരമായി മസൂദ് അസ്ഹറിനെയും മറ്റ് ഭീകരരെയും മോചിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാകിസ്താന് ഭീകരര്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറില്‍ ഇറക്കിയതിനുശേഷം, താലിബാനി ഭീകരരാണ് എയര്‍ബസിന് ഭീകരര്‍ക്കായി സുരക്ഷ ഒരുക്കിയത്. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ ഇന്ത്യന്‍ സര്‍ക്കാര്‍ മോചിപ്പിക്കുന്നതുവരെ സ്ഥിതി നിയന്ത്രിച്ചതും താലിബാനാണ്. .അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ സുരക്ഷാ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ആസ്ഥാനമായി ഭീകരര്‍ക്ക് താലിബാന് സൗകര്യം ഒരുക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: