കൊല്ലം: ഒന്നരവര്‍ഷത്തിലേറെയായി പൂര്‍ണമായും പ്രതിസന്ധിയിലാണ് ആഡിറ്റോറിയങ്ങളും കണ്വന്ഷന് സെന്ററുകളും. കല്യാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ആഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ ആളുകള്‍ പാടേ ഉപേക്ഷിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കേണ്ട ചിങ്ങമാസമാണ്. എന്നാല്‍ താളമേളങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ നെടുവീര്‍പ്പിടുകയാണ് ജില്ലയിലെ ചെറുതും വലുതുമായ മുന്നൂറോളം ആഡിറ്റോറിയങ്ങള്‍. ഒപ്പം കടം കയറിയ ഉടമകളും.
കൊവിഡിനെ തുടര്‍ന്ന് വിവാഹങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണ്വെന്ഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലയിലെ തൊഴില്‍ നഷ്ടത്തിന് കാരണം. വലിപ്പത്തിലും സൗകര്യങ്ങളിലും പരസ്പരം മത്സരിച്ചിരുന്നവയില്‍ ഭൂരിഭാഗവും ഒന്നരവര്‍ഷമായി തുറന്നിട്ടേയില്ല. ഒന്നാം തരംഗത്തിന് ശേഷം നൂറുപേര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അയ്യായിരം മുതല്‍ മുപ്പതിനായിരം ചതുരശ്രയടി വലിപ്പമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ലാഭകരമായിരുന്നില്ല. രണ്ടാം തരംഗത്തോടെ ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഇരുപതായി ചുരുങ്ങി. ഇതോടെ വലിയ ആഡിറ്റോറിയങ്ങളെ ജനം പൂര്‍ണമായും കൈയൊഴിഞ്ഞു. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ ചെറിയ ഹാളുകളിലേക്ക് ചടങ്ങുകള്‍ ഒതുക്കിയതോടെ ഭൂരിഭാഗം ആഡിറ്റോറിയങ്ങള്‍ക്കും ബുക്കിംഗില്ലാതായി. ആഡിറ്റോറിയം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഈ മാറ്റം ഏറ്റവും അധികം ബാധിച്ചത്.
വരുമാനമില്ലാതായതോടെ ബാങ്ക് വായ്പയും നികുതിയും വൈദ്യുതി ബില്ലും അടയ്ക്കാനാകാതെ നെട്ടോട്ടത്തിലാണ് ഉടമകള്‍. ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ നികുതിയിനങ്ങളില്‍ ഭീമമായ സംഖ്യയാണ് അടയ്ക്കേണ്ടത്. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാര്‍, അലങ്കാരപ്പണി ചെയ്യുന്നവര്‍, ക്ഷണക്കത്ത് അടിക്കുന്നവര്‍, ബ്യൂട്ടീഷ്യന്, ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ്, കാറ്ററിംഗ്, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, സെക്യൂരിറ്റി, സ്റ്റേജ് ഡെക്കറേറ്റേഴ്സ് പന്തലു പണിക്കാര് തുടങ്ങി നിരവധി പേര് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ പൂട്ടിയ ഓഡിറ്റോറിയങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. ഓഡിറ്റോറിയങ്ങള്‍ക്ക് പൂട്ട് വീണതോടെ ശുചീകരണത്തൊഴിലാളികള്‍ മുതല്‍ നടത്തിപ്പുകാര്‍ വരെ ഒട്ടേറെപ്പേര്‍ക്ക് ജോലിയില്ലാതായി. ജില്ലയില്‍ ചെറുതും വലുതുമായ നൂറുക്കണക്കിന് ആഡിറ്റോറിയങ്ങളും കണ്വന്ഷന് സെന്ററുകളുമാണുള്ളത്. കോടികള്‍ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ അടച്ചിട്ടാലും വായ്പാ തുക ഉടമകള്‍ കണ്ടെത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഡിറ്റോറിയങ്ങളുടെ വിസ്തൃതിക്ക് അനുസൃതമായി ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: