ന്യൂദല്‍ഹി: ചൈനീസ് നിയന്ത്രിത ബാങ്കിതര ധനകാര്യ സ്ഥാപന(എന്‍ബിഎഫ്സി)ത്തിന്റെ 107 കോടിയോളം രൂപ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്പ് വഴി ഉടനടി വായ്പ നല്കുന്ന സ്ഥാപനത്തിനെതിരെയാണ് വിദേശ വിനിമയ ചട്ടം അനുസരിച്ച് നടപടിയെടുത്തത്. ബാങ്ക് അക്കൗണ്ടുകളിലും പെയ്മെന്റ് ഗേറ്റ് വേകളിലെ വെര്‍ച്വല്‍ അക്കൗണ്ടുകളിലും കിടന്ന, ബാങ്കിതര ധനകാര്യ സ്ഥാപനമായ പിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ(പിസിഎഫ്എസ്) പണമാണ് വിദേശ നാണയ വിനിമയ ചട്ട(ഫെമ)ത്തിലെ വകുപ്പുകള്‍ പ്രകാരം പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു.
ആകെ 106.93 കോടി രൂപ പിടിച്ചെടുത്തു. ഉടനടി വായ്പ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളുമായി ബന്ധമുള്ള എന്‍ബിഎഫ്സികള്‍ക്കും ഫിന്‍ടെക് കമ്പനിക്കള്‍ക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെയാണ് ഈ വിഷയം ശ്രദ്ധയില്‍ പെട്ടത്. ഉയര്‍ന്ന പലിശയ്ക്ക് നല്‍കിയിരുന്ന വായ്പ തിരിച്ചടപ്പിക്കാന്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും നിയമവിരുദ്ധമായി ഉപയോഗിച്ചു. കോള്‍ സെന്ററുകള്‍ വഴി ഇവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും ഇഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: