കീപ്പര്‍
ടെലിവിഷനില്‍ പന്ത് കളി നടക്കുന്നു എന്നറിയുമ്പോള്‍, വീട്ടിലെ കോലായിലെ സെറ്റിയില്‍ വടികുത്തിപ്പിടിച്ച് അദ്ദേഹം വന്നിരിക്കും. കളി ഫുട്ബോള്‍ ആണെന്നറിയാം. എന്നാല്‍ എവിടെ, ആര് തമ്മില്‍ കളിക്കുന്നു എന്നദ്ദേഹം അന്വേഷിക്കാറില്ല. അതറിയാനുള്ള ആഗ്രഹവുമില്ല. കണ്ണ് നിറയെ കണ്ടാസ്വദിക്കും. കണ്ണ് നിറയുമ്പോള്‍ തുടക്കും.
മറവിരോഗം പെനാല്‍ട്ടി ബോക്സില്‍ കയറി കളിക്കുന്ന ദയനീയതയില്‍ ഒളിംപ്യന്‍ ചന്ദ്രശേഖരന് കഴിഞ്ഞ കുറച്ചു കാലമായി അങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിലെ വസതിയില്‍ എന്നന്നേക്കുമായി കണ്ണടക്കുകയും ചെയ്തു. അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് റോം ഒളിംപിക്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ നടത്തിയ എക്കാലത്തെയും വലിയ പോരാട്ടങ്ങളില്‍ ഭാഗഭാക്കായ രക്ഷാനിരയുടെ കാവല്‍ക്കാരനാണ് 86ാം വയസ്സില്‍ ചരിത്രത്തിന്റെ ഭാഗമായത്.
1936 ജൂണ്‍ പത്തിനു തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയിലെ ഓടമ്പള്ളിയില്‍ തറവാട്ടില്‍ ജനിച്ച ഒ. ചന്ദ്രശേഖര മേനോന്, ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ കളിക്കമ്പക്കാരനായിരുന്നു. അത്ലറ്റിക്സും, ഹോക്കിയും ക്രിക്കറ്റും ആ പയ്യനെ ഹരം കൊള്ളിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലൂടെ, എറണാകുളം മഹാരാജാസ് കോളേജില്‍ എത്തിയതോടെ, കോളേജ് ഫുട്ബോളറായി. കേരള സര്‍വകലാശാലയുടെ കുപ്പായമണിഞ്ഞ് ആക്രമണ നിരയിലാണ് സ്ഥാനം കരസ്ഥമാക്കിയത്. ബിരുദം നേടുന്നതിനിടയില്‍ 1955ല്‍ ചെന്നെയില്‍ എറോള്‍ ഡിക്ലാസിന്റെ നേതൃത്വത്തിലുള്ള കേരള ടീമിലും അംഗമായി.
ജോലി ലഭിച്ചതിനെതുടര്‍ന്ന് മുംബെയിലേക്ക് ചേക്കേറിയ ചന്ദ്രശേഖരന് അവിടെ കാല്‍ട്ടക്സ് ടീമിന്റെ അണിയിലാണെത്തിയത്. സ്നേഹവും പുഞ്ചിരിയും ചാര്‍ത്തി സൗമ്യമായി സംസാരിക്കുകയും, ടഫ് ആയും റഫ് ആയും മാറിക്കൊണ്ടിരിക്കുന്ന ഫുട്ബോള്‍ കളിയില്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാതെ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന ആ ജെന്റ്റില്‍മാന്‍ ഫുട്ബോളറെ കൂപ്പറേജ് ഗ്രൗണ്ട് തിരിച്ചറിഞ്ഞു. ഉയര്‍ന്നു വരുന്ന പന്ത്പോലും നെഞ്ചിലിറക്കി സ്വീകരിച്ച്, കൂട്ടുകാരിലേക്ക് ഭദ്രമായി പാസ് ചെയ്യുന്ന കുറ്റമറ്റ രീതി ആയിരുന്നു, അത്.
1958ല്‍ കാല്‍ട്ടക്സ് ടീം നടാടെ റോവേഴ്സ് കപ്പ് നേടുമ്പോള്‍ ചന്ദ്രശേഖരന് റൈറ്റ് ഫുള്‍ ബാക്കായിരുന്നു. ഒപ്പം ലെഫ്റ്റ് ബാക്കായി ഹൈദരാബാദുകാരനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒളിംപ്യന്‍ എസ്.എ. ലത്തീഫും.
ഈ മലയാളി തുടര്‍ന്നു മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനുവേണ്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ അരങ്ങേറി. ഏഴുവര്‍ഷം അവര്‍ക്കു കളിക്കുന്നതിനിടയില്‍ സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ മലയാളി നായകന് എന്ന ബഹുമതിയും 1963ല്‍ ചെന്നൈയില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ സര്‍വാധിപതിയായി വാണുകൊണ്ടിരുന്ന ഖ്വാജാ സിയാ ഉദ്ദിന്റെ ഇഷ്ടതാരമായ ചന്ദ്രശേഖരന്, 1959ല്‍ ബള്ഗേറിയക്കെതിരായി മുംബെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യാ കളര്‍ അണിഞ്ഞു. തുടര്‍ന്നു 1960ലെ എറണാകുളത്തെ ഏഷ്യന്‍ കപ്പിലും കളിച്ചു. പി.കെ. ബാനര്‍ജിയുടെ നേതൃത്വത്തില്‍ എസ്.എ. റഹിം പരിശീലിപ്പിച്ചുകൊണ്ടുപോയ ടീം 1960ലെ റോം ഒളിംപിക്സില്‍ ഫ്രാന്‍സിനോട് സമനിലപിടിച്ചു മടങ്ങിയപ്പോള്‍ ചന്ദ്രശേഖരന് കോട്ടക്കാക്കാനുണ്ടായിരുന്നു. മലേഷ്യന്‍ മെര്ദെക്കയില് മൂന്നാംസ്ഥാനത്തും ജക്കാര്‍ത്താ ഏഷ്യന്‍ ഗെയിംസില്‍ ചാംപ്യന്‍ പദവിയിലും കയറിനിന്ന ഇന്ത്യന്‍ ടീം അംഗമായി. പിന്നാലെ 1964ലെ പ്രീ ഒളിംപിക് മത്സരങ്ങളിലും രക്ഷാനിരയില്‍ ഈ മലയാളിയെ നാം കണ്ടു.
29ാം വയസില്‍ ബൂട്ടഴിച്ചുവെച്ചെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍ പദവി സ്വീകരിച്ച്, ആദ്യം ബെംഗഌരുവിലും തുടര്‍ന്നു ചെന്നൈയിലും സേവനമനുഷ്ഠിച്ചു. അക്കാലത്ത് മലപ്പുറം മൊയ്തീന്‍കുട്ടി അടക്കമുള്ള താരനിരയുടെ ക്യാപ്റ്റനായി ആ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ചെന്നൈയില്‍ ശോഭിച്ചു. കണ്ണൂര്‍ക്കാരനായ പി.എം. അബ്ദുല്‍സലാം, കോഴിക്കോട്ടെ സി.ഉമര്‍, എ.പി. മമ്മത്കോയ, ഗോളി കെ.കെ. ജോര്‍ജ്, ധനഞ്ജയന്, ക്ലീറ്റസ് തുടങ്ങി എട്ടു മലയാളികള്‍ ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ മദ്രാസ് സ്റ്റേറ്റ് ബാങ്ക് ടീം.
ഇന്ത്യന്‍ ജൂണിയര്‍ ടീമിന്റെ സിലക്ടര്‍ ആയിരുന്ന ചന്ദ്രശേഖരന്, കേരളത്തില്‍ മടങ്ങി എത്തിയപ്പോള്‍ ഇവിടെ കേരള ടീമിന്റെ സിലക്ഷന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. കേരളത്തിലെ ആദ്യ പ്രഫഷണല്‍ ക്ലബ് ആയിരുന്ന എഫ്.സി. കൊച്ചിന്റെ ടെക്നിക്കല്‍ ഡയറക്ടറായും തിളങ്ങി.
എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി അവശനിലയിലായിരുന്നു, മറവിരോഗം. ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണ്ണപ്പതക്കം വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ടത്പോലും അദ്ദേഹം അറിഞ്ഞു കാണില്ല.
രണ്ടുതവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പും ഒരിക്കല്‍ ഒളിംപിക്സില്‍ നാലാം സ്ഥാനവും നേടിയ ഇന്ത്യന്‍ ഫുട്ബോളിന്റെ അപജയത്തില്‍ ദുഃഖിതനായിരുന്നു, അദ്ദേഹം. കൊച്ചുമകന് ആദിത്യ, ഉറക്കമിളച്ച് ലോകകപ്പ് മത്സരങ്ങള്‍ ടി.വി.യില്‍ കാണുമ്പോള്‍പോലും ചന്ദ്രശേഖരന്റെ മനസ്സ് നിറയെ വേദന ആയിരുന്നു. അപ്പോഴും കോഴിക്കോട്ടും കൊച്ചിയിലും നടന്ന രാജ്യാന്തര ഫുട്ബോള്‍ സെമിനാറുകളില്‍ പങ്കെടുക്കുകയും ഒളിംപ്യ•ാരായ അഹമ്മദ്ഖാന്‍, സൈമണന് സുന്ദര്‍രാജ് തുടങ്ങിയവരോടൊത്ത് തന്റെ അനുഭവങ്ങള്‍ അയവിറക്കുകയും ചെയ്തു.
കളിച്ചു കയറിയശേഷം അദ്ദേഹം സ്ഥിരതാമസമാക്കിയ എറണാകുളത്ത് ഒളിംപ്യന്റെ പേരില്‍ ഒരു സ്റ്റേഡിയം വരുന്നുവെന്ന വിവരം അദ്ദേഹവും കേട്ടിരുന്നു. എന്നാല്‍ കാര്യമായി ഒന്നും അദ്ദേഹം പ്രതികരിച്ചില്ല. നമ്മളൊക്കെ കളി നിര്‍ത്തി കാലം കുറേ ആയി. ഇനി നമ്മുടെ പിന്തലമുറക്കാര്ക്ക് കളിക്കാന്‍ ഒരുവേദി ആവുന്നല്ലൊ എന്നതായിരുന്നു, അദ്ദേഹത്തിന്റെ സന്തോഷം. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, ആ പ്രൊജക്ടും സംഘാടകര്‍ മറന്നുപോയി.
റോം ഒളിംപിക്സില്‍ ഒപ്പം കളിച്ച ഗോളി നാരായണനും എസ്.എസ്. ഹക്കീമും കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട വിവരംപോലും അദ്ദേഹത്തിനറിയാന്‍ കഴിഞ്ഞില്ല. തങ്ങള്‍ ഫുട്ബോളില്‍ പൊരുതി നിന്നപ്പോഴും റോമില്‍ ഹോക്കിയില്‍ ആദ്യമായി സ്വര്‍ണം നഷ്ടപ്പെട്ട കാര്യം പണ്ട് പലപ്പോഴും അദ്ദേഹം വേദനയോടെ പറയാറുണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്സില്‍ കൊച്ചിക്കാരനായ ശ്രീജേഷിന്റെ മിടുക്കില്‍ ഇന്ത്യ ഹോക്കി ഒളിംപിക് മെഡല്‍ വീണ്ടെടുത്ത കാര്യവും അദ്ദേഹത്തിനു അറിയാന്‍ സാധിക്കാതെപോയി. ലോസ് ആഞ്ചലസ് ഒളിംപിക്സ് കാണാന്‍ തന്നെ കൊണ്ടുപോയ മകന് സുധീറിനെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ചന്ദ്രശേഖരന് സാവകാശം നിലമെച്ചപ്പെടുത്തി വരികയാണെന്നു തോന്നിയെങ്കിലും ഒരു സൂചനയും ഇല്ലാതെ വീട്ടില്‍ നിന്നുതന്നെ ഫൈനല്‍ വിസില്‍ മുഴങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: