ഇടുക്കി: തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കർശനപരിശോധനയുമായി പോലീസ്. ഇടുക്കിയിലെ കുമളി അതിർത്തിയിലാണ് പോലീസും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. ബാരിക്കേഡ് ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചാണ് പരിശോധന.
കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ കൊവിഡ് പരിശോധനയ്ക്കിടെ തമിഴ് തൊഴിലാളികള്‍ നിയമം ലംഘിച്ച് ഇടിച്ച് കയറിയത് വിവാദത്തിലായിരുന്നു. സ്ത്രീ തൊഴിലാളികളടക്കം കൂട്ടമായെത്തി പോലീസുമായി ഉന്തുതള്ളുമുണ്ടാക്കുകയായിരുന്നു. ഇന്നലെ രാവിലെ 7 മണിയോടെ അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കുമളി ചെക്ക് പോസ്റ്റില്‍ എത്തിയ തൊഴിലാളികള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പോലീസുകാരെ തള്ളിമാറ്റി അതിര്‍ത്തി കടന്നത്.
ഇരുവശത്തേക്കും അതിര്‍ത്തി കടക്കുന്നതിനായി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുക്കുകയോ വേണം. എന്നാല്‍ ഇതില്ലാതെ എത്തിയവരാണ് ബലം പ്രയോഗിച്ച് അകത്ത് കയറി ജോലിക്ക് പോയത്. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അതിര്‍ത്തിയില്‍ കേരള പോലീസ് വ്യക്തമാക്കി. ഇതോടെ തൊഴിലാളികളും പോലീസും തമ്മില്‍ അതിര്‍ത്തിയില്‍ വാക്കേറ്റവും, ഉന്തും തള്ളുമായി. ഏഴ് ജീപ്പുകളിലും, 3 ബസുകളിലും തൊഴിലാളികള്‍ എത്തിയതായി അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂട്ടമായെത്തിയ സ്ത്രീ തൊഴിലാളികളടക്കം രേഖകളില്ലാതെ അതിര്‍ത്തി കടന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.
പിന്നാലെ വൈകിട്ട് എത്തിയ ചിലര്‍ വാഹനം തടയുകയും അതിര്‍ത്തിയില്‍ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ തമിഴ്നാട് പോലീസെത്തിയാണ് ഇവരെ നീക്കിയത്. ഇന്ന് മുതല്‍ എല്ലാവര്ക്കും പ്രവേശനം അനുവദിച്ചില്ലെങ്കില്‍ വാഹനം തടയുമെന്ന വെല്ലുവിളിയും ഇവരുയര്‍ത്തി. സംഭവം വിവാദമായതോടെ തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങള്‍ വിഷയത്തില്‍ ഇടപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസും പരിശോധന കര്‍ശനമാക്കി. അതേ സമയം ഓണത്തോട് അനുബന്ധിച്ച് ഇന്നും കൂടിയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന തുടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: