കൊച്ചി : കോണ്‍ഗ്രസ്സിനുള്ളില്‍ വീണ്ടും പോസ്റ്റര്‍ യുദ്ധം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുത്. വി.ഡി. സതീശന് ഗ്രുപ്പ് കളി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. ജില്ലയില്‍ കോണ്‍ഗ്രസ്സിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല തന്റെ ഗ്രൂപ്പുകാരന് തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക. ഗ്രൂപ്പ് ഇല്ലാ എന്ന് കോണ്‍ഗ്രസ്സുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന കള്ളക്കളി തിരിച്ചറിയുക. രക്ഷകന്റെ മുഖംമൂടി അണിഞ്ഞ് തന്ത്രപരമായി പുത്തന്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് പ്രസ്ഥാനം നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് വി.ഡി. സതീശനെ തിരിച്ചറിയുക എന്നും പോസ്റ്ററുകളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കവും മറ്റും ഇതിനുമുമ്പും പോസ്റ്ററുകളായി തിരുവനന്തുപുരത്തും കോട്ടയത്തും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്ററുകള്‍ ഇറങ്ങിയത്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്കാന് ദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
എല്ലാവരുമായും കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നാണ് സോണിയാഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. ആഗസ്റ്റ് 13ന് ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: