ഒക്ടോബറില്‍ സംഭവിക്കുമെന്ന് കരുതപ്പെടുന്ന കൊവിഡ് മൂന്നാംതരംഗത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. രണ്ടാം തരംഗത്തിന്റെ രോഗവ്യാപനത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളൊക്കെ മോചനം നേടുമ്പോഴും കേരളത്തില്‍ അതിന് കഴിയുന്നില്ല. ദേശീയതലത്തില്‍ രോഗികളാവുന്നവരില്‍ പകുതിയോളവും കേരളത്തിലാണെന്നതും, എത്ര ശ്രമിച്ചിട്ടും ടിപിആര്‍ നിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിയാത്തതും ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മൂന്നാം തരംഗത്തെക്കുറിച്ച് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്. മൂന്നാംതരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, താലൂക്കുതലം മുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐസിയുവുമൊക്കെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നുണ്ടെങ്കിലും രണ്ടാം തരംഗത്തെ നേരിടുന്നതില്‍പ്പോലും ഈ സജ്ജീകരണങ്ങള്‍ അപര്യാപ്തമാണെന്ന് തെളിയുകയാണ്. വടക്കന്‍ ജില്ലകളില്‍ പലതിലും രോഗികളാവുന്നവരുടെ എണ്ണക്കൂടുതല്‍ കാരണം കിടക്കകള്‍ വന്‍തോതില്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ തന്നെ സ്ഥിതി ഇതാണെങ്കില്‍ മൂന്നാം തരംഗത്തെ എങ്ങനെ നേരിടുമെന്ന കാര്യം ഒരു ചോദ്യചിഹ്നമാണ്.
രോഗനിര്‍ണയമാണ് ചികിത്സയെ ഫലപ്രദമാക്കുന്നത്. രോഗം എന്തെന്ന് കണ്ടെത്താതെ എത്ര മെച്ചപ്പെട്ട ചികിത്സ നല്കിയാലും രോഗമുക്തി ലഭിക്കില്ല. കൊവിഡ് രോഗ പ്രതിരോധത്തിന്റെ കാര്യത്തിലും ഇങ്ങനെ പറയാവുന്നതാണ്. രാജ്യത്തു തന്നെ ആദ്യം ചൈനയില്‍ നിന്നുവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതിനുശേഷമുള്ള ഒരു ഘട്ടത്തിലും രോഗവ്യാപനത്തിന്റെ തോത് ശരിയായി വിലയിരുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് അവകാശവാദമുന്നയിക്കുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. തങ്ങള്‍ എന്തു ചെയ്താലും കുറെ കഴിയുമ്പോള്‍ രോഗവ്യാപനം താനെ കുറഞ്ഞുകൊള്ളുമെന്ന നിരുത്തരവാദപരമായ ചിന്തയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും നയിച്ചത്. ഇതിന്റെ ഫലമാണ് പിന്നീട് അനുഭവിക്കേണ്ടി വന്നത്. വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയായതോടെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പുതിയ ആരോഗ്യമന്ത്രിക്ക് കാര്യപ്രാപ്തി തെളിയിക്കുന്നതിനെക്കാള്‍ മുന്‍ ആരോഗ്യമന്ത്രി മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വാക്സിനൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അതിനെതിരായ ജാഗ്രത. ഈ ജാഗ്രത ആദ്യമുണ്ടാവേണ്ടത് സംസ്ഥാന സര്‍ക്കാരിനാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍ തന്നെ സര്‍ക്കാര്‍ ജാഗ്രത കൈവിടുകയായിരുന്നു. രണ്ടാം തരംഗമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുമ്പോള്‍, കേരളം മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞതായാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി പറയുന്നത്. കേരളം ഗൗരവമായെടുക്കേണ്ട ഒരു കാര്യമാണിത്. മൂന്നാംതരംഗത്തില്‍ കുട്ടികളെയാണ് രോഗം ഏറെ ബാധിക്കുകയെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. അവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്തതിനാല്‍ വളരെ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണങ്ങളും നിബന്ധനകളുമൊക്കെ മാറ്റുന്നതിനു പകരം ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളെയല്ല രോഗത്തെയാണ് തടയേണ്ടതെന്ന ചിന്തയാണ് സര്‍ക്കാരിനു വേണ്ടത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: