ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. കൊവിഡ് സംരക്ഷണ നടപടികളില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടി വരരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ കുട്ടികള്‍ക്ക് വാക്സിന് നല്‍കിത്തുടങ്ങിയിട്ടില്ല. രോഗങ്ങള്‍ ഉള്ളവരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് അടിയന്തരമായി വാക്സിന് നല്‍കണം. എന്നാല്‍,മൂന്നാം തരംഗം കുട്ടികളെ അതീവ ഗുരുതരമായി ബാധിക്കുമെന്നതിന് ജൈവശാസ്ത്രപരമായി തെളിവുകളില്ല. ഇക്കാര്യം ഇന്ത്യന്‍ പീഡിയാട്രിക്സ് അക്കാദമിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗം ബാധിച്ച കുട്ടികളില്‍ രോഗമുക്തിക്ക് ശേഷം ഗുരുതര പാര്‍ശ്വഫലമായ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം കണ്ടെത്തിയിട്ടുണ്ട്.
ശിശുരോഗ ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. രോഗബാധിതരായ കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കോ മറ്റു രക്ഷാകര്‍ത്താക്കള്‍ക്കോ തങ്ങാന്‍ കഴിയുന്ന കൊവിഡ് വാര്‍ഡുകള്‍ സജ്ജമാക്കണം – റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ക്ക് എതിരേ കടുത്ത നടപടിയെടുക്കണം. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേയും കര്‍ശന നടപടി വേണം. നഴ്സുമാര്‍, ആശ വര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിനേഷന്, അധിക വേതനം, താമസ സൗകര്യം, മറ്റു വൈദ്യ സഹായങ്ങള്‍ എന്നീ കാര്യങ്ങളില്‍ നിര്‍ബന്ധമായും മുന്‍ഗണന നല്‍കണം. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ഇടപെടല്‍ വേണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: