തൊടുപുഴ: സിപിഐ മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിനെ അപമാനിച്ചുവെന്ന് പരക്കെ വിമര്‍ശനം. ഗുരു ജയന്തി ദിനത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ഒരു ചെറിയ ചിത്രം മാത്രം പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.
ജനയുഗം പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിനും മാനേജ്മെന്റിനും എതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അതിശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഗുരു ജയന്തി ദിനത്തിൽ ശ്രീ നാരായണ ഗുരുവിന്റെ ചെറിയ ചിത്രം മാത്രം പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നാണ് ശിവരാമന്റെ ആരോപണം. ജനയുഗം പത്രത്തിന്റേത് ഗുരുനിന്ദ ആണെന്നും ശിവരാമൻ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ വിമര്‍ശിച്ചു.
സിപിഐ പാര്‍ട്ടിയെ താങ്ങിനിര്ത്തുവരില് നല്ലൊരു ശതമാനം ഈഴവസമുദായത്തില്‍ നിന്നുള്ളവരാണെന്നതിനാല്‍ ഈ വിമര്‍ശനം കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നത്. ജനയുഗം പത്രത്തിന്റെ എഡിറ്റര്‍ രാജാജി മാത്യുവാണ്.
“ശ്രീ നാരായണഗുരു ജയന്തിയായിരുന്നു തിങ്കളാഴ്ച. രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ച് ലേഖനങ്ങൾ എഴുതി. ജനയുഗത്തില്‍ ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും , മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല” ഫേസ്ബുക്ക് വിമര്‍ശനത്തില്‍ ശിവരാമന് പറഞ്ഞു.
ഇതിന് മറുപടിയായി എഡിറ്റര്‍ രാജാജി മാത്യുവും എത്തി. കെ.കെ. ശിവരാമന്റെ വിമർശനത്തെ രാഷ്ട്രീയമമായി കാണുന്നില്ലെന്നും, അത് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള വിമര്‍ശനമായി മാത്രമാണ് കാണുന്നതെന്നുമായിരുന്നു രാജാജി മാത്യു തോമസിന്റെ പ്രതികരണം.
തുറന്നടിച്ച് വിമര്‍ശിക്കുന്ന നേതാവാണ് കെ.കെ. ശിവരാമന്. കേരളം ഭരിക്കുന്നത് രാജാവല്ലെന്ന പിണറായി വിജയനെതിരെ നടത്തിയ ഇദ്ദേഹത്തിന്റെ വിമര്‍ശനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: