കോഴിക്കോട് : താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കും. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണ്. അഫ്ഗാനിസ്ഥാനില്‍ കാണുന്നത് നബിവചനത്തിന് എതിരായ പ്രവര്‍ത്തനമാണ്. കേരളം മറ്റൊരു സിറിയയും അഫ്ഗാനിസ്ഥാനും ആയി മാറാതിരിക്കാന്‍ ശ്രമിക്കണം. സമസ്തയുള്‍പ്പെടെയുള്ള ഇസ്ലാം മത നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനില്‍ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ആധുനിക കേരളത്തിന്റെ പുരോഗതിക്ക് കാരണം ഗുരുദേവനാണ്. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന് നവോത്ഥാനത്തിന്റെ കലപ്പ കൊണ്ട് ഉഴുതുമറിച്ച മണ്ണിലാണ് സാംസ്കാരിക പുരോഗതി ഉണ്ടായത്. ഗുരുവിന്റെ വാക്കുകള്‍ ഏറ്റവും പ്രസക്തമാകുന്ന കാലഘട്ടമാണിത്. ഭാരതത്തെ സൂപ്പര്‍ പവറാക്കാന്‍ ഒന്നിച്ചു പോരാടണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
വാരിയംകുന്നനെ ഭഗത് സിങ്ങിനോടുപമിച്ച് സ്പീക്കര്‍ എം.ബി. രാജേഷ് ഭഗത് സിങ്ങിനെ അപമാനിക്കുകയാണ് ചെയ്തത്. വാരിയം കുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയം കുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണം. ഇഎംഎസ് രചിച്ച സ്വാതന്ത്ര്യസമരം എന്ന സമ്പൂര്‍ണ്ണഗ്രന്ഥം വായിക്കണമെന്ന് നിര്‍ദ്ദേശിച്ച അബ്ദുള്ളക്കുട്ടി കേരളം ദേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ കേന്ദ്രമെന്നും പറഞ്ഞു. വാരിയംകുന്നന് കാരണം ഏലംകുളം വിട്ട് ഇഎംഎസിനും കുടുംബത്തിനും പാലക്കാട്ടെക്ക് പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: