കണ്ണൂര്‍: ഇന്നലെ അന്തരിച്ച വടകര സ്വദേശിയായ ഒതയോത്ത് മാധവന് നമ്പ്യാര്‍ എന്ന ഒ.എം. നമ്പ്യാര്‍ കണ്ണൂരിന്റെ കായിക രംഗവുമായി ആത്മ ബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു. കണ്ണൂരിന്റെ കളിക്കളങ്ങളില്‍ നിന്നാണ് മികച്ച കായിക പരിശീലകനെന്ന നിലയില്‍ ദ്രോണാചാര്യ ഉള്‍പ്പടെയുള്ള ബഹുമതികളുടെ ലോകത്തേക്ക് അദ്ദേഹം വളര്‍ന്നത്. കണ്ണൂരുമായി അഭേദ്യമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലഭിച്ച കായിക ഊര്‍ജ്ജമാണ് പില്ക്കാലത്ത് തന്നെ താനാക്കിയതെന്ന് ജീവിതാവസാനംവരെ വിശ്വസിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായിരുന്നുവെങ്കിലും കണ്ണൂരിലെ സ്പോര്‍ട്സ് ഡിവിഷനില്‍ പരിശീലകനായി എത്തിയ അദ്ദേഹം വളരെക്കാലം കണ്ണൂര്‍ നഗരത്തിലെ മൈതാനങ്ങളിലെല്ലാം ഓടി നടന്ന് പി.ടി. ഉഷയടക്കമുളള കായിക താരങ്ങള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകനായി.
1976ലാണ് നമ്പ്യാര്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെത്തുന്നത്. പി.ടി. ഉഷ എന്ന കായിക താരത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞത് കണ്ണൂരിന്റെ കളിക്കളങ്ങളില്‍ നിന്നായിരുന്നു. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് രൂപീകരിച്ചപ്പോള്‍ ആദ്യ കോച്ചായി നിയമിക്കപ്പെട്ടത് പില്ക്കാലത്തെ അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് നിദര്‍ശകമായി. അക്കാലത്താണ് പി.ടി. ഉഷ നമ്പ്യാരുടെ ശ്രദ്ധയില്‍പെട്ടത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ പരിശീലനത്തിലൂടെയാണ് ഉഷ ലോകോത്തര ഓട്ടക്കാരിയായി മാറിയത്. ആധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലത്തും കണ്ണൂരിലെ പോലീസ് മൈതാനി പോലുളള അസൗകര്യങ്ങള്‍ നിറഞ്ഞ കളിക്കളങ്ങളില്‍ നിന്നും ഉഷയെ പോലുളള രാജ്യാന്തര അത്ലീറ്റുകളെ സൃഷ്ടിച്ച് ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച കായിക പരിശീലകനായിരുന്നു നമ്പ്യാര്‍.
”പി.ടി. ഉഷയെന്ന അത്ലറ്റിനെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ലെന്നാണ്” പി.ടി. ഉഷ തന്നെ വ്യക്തമാക്കിയിട്ടുളളത്. പില്ക്കാലത്ത് കണ്ണൂരിന്റെ കായിക രംഗത്ത് മികവാര്‍ന്ന കായിക താരങ്ങള്‍ ഉദയം കൊണ്ടത് ഒ.എം. നമ്പ്യാരില്‍ നിന്നും നമ്പ്യാരുടെ ശിഷ്യരില്‍ പ്രമുഖയായി ലോകം മുഴുവന്‍ അറിയപ്പെട്ട പി.ടി. ഉഷയില്‍ നിന്നും ലഭിച്ച പ്രചോദനത്തില്‍ നിന്നായിരുന്നുസ്പോര്ട്സ് ഡിവിഷന് വിട്ട് 1990ല്‍ സായിയില്‍ ചേര്‍ന്നെങ്കിലും കണ്ണൂരിനോടുള്ള ആത്മബന്ധം നമ്പ്യാര്‍ ഉപേക്ഷിച്ചിരുന്നില്ല. അത്രയും ആഴത്തിലുള്ള ബന്ധമായിരുന്നു അദ്ദേഹത്തിന് കണ്ണൂരിനോട്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2000ല്‍ വീണ്ടും അദ്ദേഹം കണ്ണൂരിലെത്തിയതും ഇതുകൊണ്ടായിരുന്നു. ഒരേ ഒരു ഉഷ മാത്രം പോരെന്ന നിശ്ചയദാര്‍ഢ്യവുമായാണ് അദ്ദേഹം വീണ്ടും കണ്ണൂരിലെത്തിയിരുന്നത്. മറ്റൊരു ഉഷയെ കണ്ടെത്താന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശനായിരുന്നു. ബീന അഗസ്റ്റിന്, സുകുമാരി, ഷീബ, ജിജി തുടങ്ങിയ അത്ലറ്റുകളും നമ്പ്യാരൂടെ ശിക്ഷണത്തില്‍ കായിക രംഗത്തെ മികച്ച അത്ലറ്റുകളായി മാറുകയുണ്ടായി. 1993-ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന ഉഷ വീണ്ടും പരിശീലനനം നടത്തിയത് നമ്പ്യാരുടെ കീഴില്‍ കണ്ണൂരില്‍ വെച്ചായിരുന്നു. ആരെയും ഭയക്കാത്ത എല്ലാം തുറന്നു പറയുന്ന പ്രകൃതക്കാരനായ അദ്ദേഹത്തിന്റെ ശൈലി ശ്രദ്ധേയമായിരുന്നു. കണ്ണൂരിന്റെ കായിക ചരിത്രത്തില്‍ ഒ.എം. നമ്പ്യാരെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല എന്നതു കൊണ്ടുതന്നെ കേരളത്തിനൊപ്പം കണ്ണൂരിന്റെ കായിക ലോകത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടവും നികത്താനാവാത്ത വിടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: