ഓണം സദ്യയുടെയും പുതുവസ്ത്രങ്ങളുടെയും അത്തപ്പൂക്കളത്തിന്റെയും ആഘോഷം മാത്രമല്ല, കളികളുടേതു കൂടിയാണ്. ഓണ നാളുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കാന്‍ നിരവധി കളികളുണ്ട്. പുതിയ തലമുറയ്ക്ക് അന്യമായവയും ഇക്കൂട്ടത്തില്‍ ധാരാളം.
ഓണക്കാല കളികളില്‍ പ്രധാനപ്പെട്ടതാണ് തലപ്പന്തുകളി. വടക്കന്‍കേരളത്തിലും തെക്കന്‍ കേരളത്തിലും വ്യത്യസ്ത രീതികളിലാണ് തലപ്പന്ത് കളിക്കുന്നത്. തുകലിലും റബ്ബറിലുമുള്ള പന്തുകളാണ് തലപ്പന്തുകളിക്ക് ഉപയോഗിക്കുന്നത്. മൈതാനത്തും വീട്ടുമുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തില്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരുകൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര് കളം കാക്കുകയും ചെയ്യുന്നു. ഏതാണ്ട് രണ്ടടി നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പുറകോട്ട് തട്ടിതെറിപ്പിച്ചാണ് തുടക്കം. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവര്‍ കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല് തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള് കളിക്ക് പുറത്താകും.
തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്. ചിലയിടങ്ങളില്‍ തോല് കൊണ്ടുണ്ടാക്കിയ പന്തും മറ്റു ചിലയിടങ്ങളില്‍ റബ്ബര്പന്തുമാണ് ഉപയോഗിക്കുക. തെക്കന്‍ കേരളത്തില്‍ കൂടുതലും റബ്ബര്‍ പന്തുകളാണ്. കമ്പിനു പകരം കല്ലാണ് ഇവിടെ വയ്ക്കുന്നത്. ഇതിന് പട്ടക്കല്ലെന്നു പറയും.
മുമ്പൊക്കെ കടകളില്‍ പല വര്‍ണത്തിലും വലിപ്പത്തിലുമുള്ള പന്തുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതോടെയാണ് കുട്ടികള്‍ ഓണക്കാലമായി എന്ന് തിരിച്ചറിയുന്നത്. പിന്നെ പന്തു വാങ്ങാനുള്ള തിരക്കായി. ഓണക്കാലമാകുന്നതോടെ നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ പന്തുകളി കാണാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ല. മുഴുവന്‍ പേര്‍ക്കും ഒത്തു ചേര്‍ന്ന് കളിക്കാവുന്ന ഇത്തരം കളികളിലൂടെ നാട്ടില്‍ വലിയൊരു കൂട്ടായ്മയാണ് നിലനിന്നിരുന്നത്. കൂട്ടായ്മയുടെ ഈ ഓണക്കളികള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: