അധികാരത്തിലിരിക്കുന്ന ഒരാളും അധികാരം പോകുമെന്ന് ഒരിക്കലും വിചാരിക്കാറില്ലല്ലോ. ഇയാളും ഒട്ടും വിചാരിച്ചില്ല.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതു ഗാന്ധി എത്ര കാലം നിരാഹാരം കിടന്നാലും ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകുമെന്ന് ചിന്തിക്കാന്‍ വഴിയില്ലായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവര്‍ ജയിക്കുക കൂടി ചെയ്തപ്പോള്‍ ആ കാര്യം ഒന്നുകൂടി തീര്ച്ചയായതുമാണ്.
പക്ഷേ അത് സംഭവിച്ചു. ഇനി നിങ്ങള്‍ ഭരിച്ചാല്‍ മതി എന്ന് അവര്‍ പറഞ്ഞു! ആര് ഭരിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ലായിരുന്നു. ആളും നാഥനും ഇല്ലാതായാല്‍ ഈ നാട്ടിന്റെ അവസ്ഥ ഊഹിക്കാന്‍ കഴിയാതെ എല്ലാവരും നടുങ്ങി. അങ്ങനെ നടുങ്ങിയവരില് മുന്‍പന്തിയില്‍ ആയിരുന്നു ഇയാള്‍.
വെട്ടം പള്ളിപ്പുറം അംശം ദേശത്തെ പരമാധികാരി. നികുതി പിരിക്കാനെന്നല്ല കൊല്ലിനും കൊലയ്ക്കും അധികാരമുണ്ട്. ലൈസന്‍സ് ഉള്ള തോക്കുണ്ട്. ആളുകളെയും കന്നുകാലികളെയും പിടിച്ചുകെട്ടി ജയിലില്‍ ഇടാം. ഇതിനായി ആള് ആലയും കാലി ആലയും ഉണ്ട്. അടിപിടി മുതല്‍ കൊലപാതകം വരെ ഏതു കേസിന്റെയും പ്രാഥമിക വിചാരണ നടത്താം. ഒരു കാരണവും കൂടാതെയും ഒരു മാസം വരെ ആരെയും തടവിലിടാം. നൂറുറുപ്പിക വരെ പിഴ വിധിക്കാം. അംശക്കച്ചേരി എന്നാല്‍ കോടതി. ഇവിടെ തീരുമാനം ആകുന്ന ഏതു കേസ് മേല്‍കോടതിയില്‍ വിചാരണക്ക് പോയാലും അധികാരിയുടെ തീര്‍പ്പിന് വലിയ വിലയുണ്ടായി. വില്ലേജ് മുന്‍സിഫ് എന്ന സ്വന്തം പ്രതിനിധിക്ക് സായിപ്പ് തന്റെ അധികാരം പകുത്തു നല്കിയതായിരുന്നു.
ശമ്പളം ഒന്നുമില്ല. രാജ്യാധികാരം അല്ലേ, പിന്നെ എന്തിന് ശമ്പളം? അന്യഥാ സമ്പത്തുള്ള വലിയ തറവാട്ടിലെ സന്തതി. തലയില്‍ കെട്ടിയത് എടുക്കാതെയോ രണ്ടാം മുണ്ട് ചുമലില്‍ നിന്ന് മാറ്റാതെയോ ആരും ആ പടിപ്പുര കയറാറില്ല. കാഴ്ച വെയ്ക്കാന്‍ എന്തെങ്കിലും കയ്യില്‍ കരുതാതെ ആരും അങ്ങോട്ട് ചെല്ലാറില്ല. കൂടാതെ, ഏതു വീട്ടിലും കയറി ചെന്നാല്‍ സംബന്ധം പറ്റില്ല എന്ന് ആരും പറയാറുമില്ല.
നിരത്തുവക്കില്‍ ആണ് അംശക്കച്ചേരി. ദൂരയാത്രകള് കുതിരവണ്ടിയില്‍ ആണെങ്കിലും കച്ചേരിയില്‍ പോകുന്നത് മഞ്ചലില്‍. വില്ലയിട്ട ശിപായി മുന്നില്‍ നടക്കും. കോല്ക്കാരന്മാര് എന്ന രണ്ട് കീഴ് ശിപായിമാര്‍ പിന്നാലെയും. ഇവരുടെ കയ്യില്‍ ആറടി നീളമുള്ള വടികള്‍ ഉണ്ടാവും. ആയുധമായും ഭൂമി അളക്കാനും ഇത് ഉപയോഗിക്കും.
എതിരെ വരുന്ന ആളും വാഹനങ്ങളും വഴി ഒഴിയും. എല്ലാ ചലനവും സംസാരവും നിലയ്ക്കും.
എന്തെങ്കിലും ആവശ്യത്തിന് പോലീസുകാര്‍ ഇവിടെ വന്നാല്‍ ആദ്യം പോകേണ്ടത് അധികാരിയുടെ വീട്ടിലേക്കാണ്. അവിടെ ഒരു പുസ്തകത്തില്‍ ഒപ്പു വെക്കണം. വന്നത് എന്തിനെന്ന് ഉണര്‍ത്തിക്കണം. അനുമതി വാങ്ങണം.
ആര്‍ക്കെങ്കിലും ആരെയെങ്കിലും പറ്റി വല്ല പരാതിയും ഉണ്ടെങ്കില്‍ അധികാരിക്കാണ് അപേക്ഷ കൊടുക്കേണ്ടത്. സമക്ഷത്തിങ്കലെ തീര്‍പ്പ് അവസാനത്തേതാണ്. അത് സമ്മതം അല്ലെങ്കില്‍ പിന്നെ അന്യായക്കാരന് പോകാനുള്ളത് മുന്‍സിഫ് കോടതിയിലോ സബ് കോടതിയിലോ ആണ്. അവിടെയൊക്കെയോ, ന്യായാധിപന് സായിപ്പാണ്. മലയാളം അറിയില്ല. കാര്യം പറഞ്ഞു ബോധിപ്പിക്കാന്‍ വക്കീലന്മാര് വേണം. വക്കീല്‍ ഗുമസ്തന് കൈനീട്ടം കൊടുത്ത് അന്യായം മുറപോലെ എഴുതിച്ച് വക്കീലിന്റെ ഫീസും അടക്കണം. സാധാരണക്കാര്‍ക്ക് സാധിക്കുന്ന കാര്യമല്ല.
നാട്ടിലുള്ള കള്ളന്മാരുടെ ആളും തരവും ഒക്കെ അധികാരിക്ക് നന്നായി അറിയാം. ഓരോരുത്തരും സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഏതിലാണെന്നും നല്ല നിശ്ചയം. മാത്രമല്ല മോഷണം ആയാലും പിടിച്ചുപറി ആയാലും അതിന്റെ മൂപ്പനോഹരി എത്തുന്നത് അധികാരിയുടെ വീട്ടിലാണ്. അതിനാല്‍ വളരെ വലിയ നഷ്ടം ഉണ്ടായില്ലെങ്കില്‍ ആരും പരാതി പറയാറില്ല. അങ്ങനെയാണ് കള്ളവുമില്ല ചതിയുമില്ല എന്ന തരത്തിലുള്ള ഒരു പ്രദേശമായി ഞങ്ങളുടെ നാട് ഖ്യാതി നേടിയത്. പനപോലെ വളര്‍ന്നവരും അവരുടെ ശിഷ്യരായോ അല്ലാതെപോലുമോ മുതിര്‍ന്നു വരുന്നവരും ആയ എല്ലാ കുറ്റവാളികളെയും നിലക്ക് നിര്‍ത്തുന്ന വീരശൂരപരാക്രമിയായി അധികാരി അറിയപ്പെടുകയും ചെയ്തു. രക്ഷകന്!
ജമാബന്തി എന്നൊരു ഏര്‍പ്പാടുണ്ട് ആണ്ടിലൊരിക്കല്‍. നികുതിപിരിവ് പൂര്‍ണമായോ എന്ന് പരിശോധിക്കാന്‍ തുക്ക്ടിയുടെ വരവ്. തുക്ക്ടി എന്നാല്‍ ഡെപ്യൂട്ടി കളക്ടര്‍ സായിപ്പ്. അദ്ദേഹത്തിനു വേണ്ട സുഖസൗകര്യങ്ങള്‍ ഒക്കെ ഒരുക്കിക്കൊടുക്കുന്ന ചുമതലയുണ്ട്. അങ്ങനെ ഒരാളുടെ മുന്നില്‍ മാത്രമേ അധികാരി വിനീത വിധേയനാകാറുള്ളൂ. അധികാരിയുടെ വീട്ടിലാണ് ക്യാമ്പ്. വീട്ടിലെ സ്ത്രീകളെ ഒക്കെ നേരത്തെ ബന്ധുവീടുകളിലേക്ക് മാറ്റും. എന്നിട്ടോ, കള്ളന്മാരും കൊള്ളക്കാരും ഉള്‍പ്പെടെയുള്ള സില്ബന്ധികള് സായിപ്പിന് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി കൊടുക്കും. സായിപ്പ് സംതൃപ്തനായി മടങ്ങിയാല്‍ പിന്നെ ഒരാണ്ടു കാലത്തേക്ക് ആരെയും പേടിക്കേണ്ടതില്ല. പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ്, തന്നിഷ്ടമാണ്. പരമസുഖം!
ഇങ്ങനെയൊരു അവസ്ഥയാണ് ഒരു ദിവസം പൊടുന്നനെ അവസാനിച്ചത്. എങ്ങനെ സഹിക്കാന്‍!
ആലകളില്നിന്നുള്ളത് ഉള്‍പ്പെടെ എല്ലാ വരുമാനവും പോയി. തന്റെ വിളവ് അന്യരുടെ കാലികള്‍ തിന്നാല്‍ കൃഷിക്കാര്‍ അവയെ പിടിച്ചുകൊണ്ടുപോയി അധികാരിയുടെ അംശകച്ചേരിയിലെ ആലയില്‍ കിട്ടുക പതിവാണ്. കാലിയുടെ ഉടമസ്ഥന് ചെന്ന് പിഴയടച്ച് അതിനെ വിടുവിച്ച് കൊണ്ടുപോകണം. ഈ പിഴ ഉള്‍പ്പെടെയാണ് വരുമാനം അടഞ്ഞത്. സര്‍ക്കാറിലേക്ക് അടയ്ക്കേണ്ട തുകയാണ് എങ്കിലും അതൊന്നും സാധാരണയായി അവിടെക്ക് പോകാറില്ല. ‘കാലിയാല പൂജ്യം’, ‘ആളാല പൂജ്യം’ എന്ന് കണക്ക് എഴുതി വിടും.
സ്ഥാനം പോയതിന്റെ പിറ്റേന്ന് രണ്ടു കാര്യങ്ങള്‍ സംഭവിച്ചു. തറവാട് ഭാഗിക്കണം എന്നു പറഞ്ഞ് അനന്തരവന്മാര് വന്നു. നേരെ മുന്നില്‍ വന്നു നില്ക്കാന് അന്നേവരെ ധൈര്യപ്പെടാത്തവരാണ് ഈ മഹാധീരതക്കു മുതിര്‍ന്നത്.
കിരീടം പോയ രാജാവിന് വഴങ്ങേണ്ടിവന്നു. ഉടനെ ശരിയാക്കാം എന്ന് മറുപടി കിട്ടിയിട്ടേ എന്തിനും തയ്യാറായി വന്ന അവര്‍ പോയുള്ളൂ.
ഇതിനേക്കാള്‍ ദാരുണമായത് മറ്റേ കാര്യമാണ്. പത്തായപ്പുരയുടെ നിലവറയിലാണ് അധികാരിയുടെ സമ്പാദ്യമായ പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. ഇത് അറിയാവുന്ന കള്ളന്മാര് എല്ലാവരും ചേര്‍ന്ന് അത് മൊത്തമായി അടിച്ചുമാറ്റി!
അധികാരി അതു കണ്ടുവെന്നും തടയാന്‍ ശ്രമിച്ചു എന്നും ഒരു പക്ഷമുണ്ട്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ കഴുത്തില്‍ മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന് അട്ടത്തുനിന്ന് അവര്‍ കെട്ടി തൂക്കിയത് എന്ന് പറയപ്പെടുന്നു. അല്ല തീര്‍ത്തും ഹതാശനായ അദ്ദേഹം സ്വയം തൂങ്ങിയതാണ് എന്നുമുണ്ട് ഒരു പക്ഷം.
അതില്പിന്നെ, തനിക്ക് കിട്ടിയ എന്തെങ്കിലും അധികാരം ശരി അല്ലാതെ ആരെങ്കിലും ഉപയോഗിച്ചു കണ്ടാല്‍ ഈ നാട്ടില്‍ ഇപ്പോഴും ഉള്ള ഒരു ചൊല്ല് ‘അധികാരിയുടെ ഗതി ഓര്‍മ്മയുണ്ടായാല്‍ നന്ന്’ എന്നാണ്.
പറഞ്ഞിട്ട് എന്ത് കാര്യം! ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉള്ളത് അധികാരത്തിനാണല്ലോ. അതിന്റെ എച്ചില് നക്കാന്‍ എങ്കിലും കിട്ടാന്‍ എന്താ കടിപിടി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: