ന്യൂയോര്‍ക്ക്: താലിബാന് കനത്ത തിരിച്ചടി നല്കി ഫേസ്ബുക്ക്. താലിബാനും താലിബാന് അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തി. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. താലിബാനെ അനുകൂലിക്കുന്ന എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും ഉടനടി മരവിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം.
താലിബാന് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും തീവ്രവാദ സംഘടനയിലേക്ക് പുതിയ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയും ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളെയാണ്. താലിബാനെ എതെങ്കിലും വിധത്തില്‍ അനുകൂലിക്കുന്നവരുടെ അക്കൗണ്ടുകളും ഉടനെ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് പ്രതിനിധി ബിബിസിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനു വേണ്ടി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായി ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു.
എന്നാല്‍ താലിബാന് അശയവിനിമയത്തിനായി ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു. ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് താലിബാനുള്ളത്. താലിബാന് അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്ഡേറ്റുകളാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: