മുന്‍പ്രസിഡന്റ് ബരാക്ഒബാമയുടെ കാലത്ത് തുടങ്ങിയ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക പിന്മാറ്റം പ്രസിഡന്റ് ജോബൈഡന്റെ കാലത്ത് പൂര്‍ത്തിയാകുമ്പോള്‍ കൊവിഡിനൊപ്പം മറ്റൊരു ആഗോള സുരക്ഷാഭീക്ഷണിയും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. 2001 ലെ വേള്‍ഡ് ട്രേഡ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈനിക നടപടിയിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണം അവസാനിപ്പിച്ചു ജനാധിപത്യഭരണം സ്ഥാപിക്കുന്നത്. ഇരുപത്വര്ഷത്തിന് ശേഷം അമേരിക്കന്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം താലിബാന് മതഭീകരവാദികളുടെ പതാക കാബൂളില്‍ ഉയര്‍ന്നിരിക്കുന്നു.
ഇതുവരെയായി മൂന്ന് ട്രില്യണ്‍ യു.എസ്ഡോളറോളം യുദ്ധത്തിനായി അഫ്ഗാനില്‍ ചെലവാക്കിയ അമേരിക്ക, സാമ്പത്തിക ബാധ്യതകള്‍ പിന്മാറ്റത്തിന്റെ കാരണമായി ഉയര്ത്തികാണിക്കുമ്പോഴുംഅമേരിക്കയുടെ പുതിയ ദേശീയസുരക്ഷതാല്പര്യങ്ങളും അതിന്റെപിന്നിലുള്ളതായികാണാം. ആണവപരീക്ഷണവുമായി മുന്നോട്ട് പോവുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലമായി ശത്രുതയിലാണ്. അമേരിക്കയ്ക്കും സഖ്യകക്ഷികളായ സൗദിഅറേബ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇറാന് ഭീഷണി ഉയര്‍ത്തുന്നതായി ഈ രാജ്യങ്ങള്‍ വിശ്വസിക്കുന്നു. കാലങ്ങളായി നിരവധി ഉപരോധങ്ങള്‍ ഇക്കാരണത്താല്‍ അമേരിക്ക ഇറാനിന്മേല് ഏര്‍പ്പെടുത്തിയിട്ടുണ്ട്.അഫ്ഗാനിലെ പിന്മാറ്റത്തിലൂടെ ഇറാന് സുരക്ഷാഭീഷണി ഉയര്‍ത്തുകയാണോ അമേരിക്കയുടെ ലക്ഷ്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 900 കി.മീ അതിര്‍ത്തിയാണ് അഫ്ഗാനും ഇറാനും പങ്കുവെയ്ക്കുന്നത്. ഒരു ഷിയാമുസ്ലിം രാഷ്ട്രമായ ഇറാന്റെ തൊട്ടരികില്‍ ഒരു സുന്നി ഭീകരവാദഭരണകൂടത്തെ സൃഷ്ടിക്കുവാന്‍ അമേരിക്ക താല്പര്യപ്പെടുന്നുവെന്ന് വേണം മനസിലാക്കുവാന്‍. നിലവില്‍ ഏഴ്ലക്ഷത്തോളം അഫ്ഗാന് അഭയാര്‍ത്ഥികള്‍ ഇറാനിലുണ്ട്. പുതിയ ഭരണമാറ്റം കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇറാന് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതിന് കാരണമാകും. അമേരിക്ക പൊതുശത്രുവാണെങ്കിലും ഇറാന്-താലിബാന് സൗഹൃദവും യാഥാര്ത്ഥ്യമാവുകയില്ലയെന്നത് അമേരിക്ക മനസിലാക്കുന്നുന്നുണ്ട്. 1996 മുതല്‍ 2001 വരെ അഫ്ഗാനിലെ ഭരണകാലത്തു തന്നെ രാജ്യത്തെ പത്ത്ശതമാനത്തോളം വരുന്ന ഷിയാകളെ ക്രൂരമായി കൈകാര്യം ചെയ്ത താലിബാന് ഇത് തെളിയിച്ചതാണ്. 1998ല്‍ ഒന്‍പത് നയതന്ത്രജ്ഞര്ഉള്പ്പടെ പതിനൊന്ന് ഇറാന് പൗരന്മാരെ താലിബാന് വധിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറുന്നത് ഇറാനില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനും ഇറാന്റെ ശ്രദ്ധ അഫ്ഗാനിലേക്ക് കൂടി തിരിയുവാന്‍ കാരണമായേക്കാം. അമേരിക്കയെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ഇറാന്റെ ആണവരാഷ്ട്രമായുള്ള വളര്‍ച്ച വലിയൊരു സുരക്ഷാഭീഷണിയായി അമേരിക്ക വിലയിരുത്തുന്ന സാഹചര്യത്തില്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയേറെയാണ്.
അഫ്ഗാന്റെ വികസനത്തിനായി ഇരുപതിനായിരം കോടിയോളം രൂപ നിക്ഷേപം നടത്തിയ രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിനുംതാലിബാന് ഭരണം സുഖകരമല്ല. ചൈന- പാക്സഖ്യത്തിനൊപ്പം മൂന്നാമതൊരു രാജ്യത്തുനിന്നുള്ള ഭീഷണിയേയും നേരിടേണ്ട സാഹചര്യമാണ് നിലവില്‍ സംജാതമായിരിക്കുന്നത്. എന്നാല്‍ താലിബാന്റെ പേരില്‍ അഫ്ഗാനിസ്ഥാനിലെ ഭാരതത്തിന്റെ ഇടപെടലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും കഴിഞ്ഞേക്കില്ല. ഭാരതത്തിന്റെ പൂര്‍ണമായ പിന്മാറ്റം ചൈനയ്ക്കും പാകിസ്ഥാനും കൂടുതല്‍ ഇടം അഫ്ഗാനിലൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കും. നിലവില്‍ സമാധാനപരമായ ഭരണം എന്ന് താലിബാന് പറയുമ്പോള്‍ തന്നെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള തന്ത്രമായി മാത്രം അതിനെ കാണേണ്ടിവരും. പാകിസ്ഥാന്റെ സ്വാധീനം ഉള്ളത് കൊണ്ട്തന്നെ ഭാവിയില്‍ ഭാരതത്തിന് വലിയ ഭീഷണയിയായി അഫ്ഗാനിസ്ഥാന് മാറുമെന്നതില്‍ സംശയമില്ല. നിലവില്‍ ഭാരതത്തിനെതിരെലെഷ്കര് -ഇ -തോയ്ബയും ജെയ്ഷ് -ഇ -മുഹമ്മദും നടത്തുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് അഫ്ഗാന്‍മണ്ണ് ലഭിക്കും. അടുത്തിടെ താലിബാന് സംഘം ചൈന സന്ദര്‍ശിക്കുകയും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. മറ്റു രാജ്യങ്ങള്‍ എതിര്‍ത്താലും ഉത്തരകൊറിയയ്ക്ക് ലഭിക്കുന്നത് പോലെയുള്ള സാമ്പത്തിക വ്യാപാര സഹകരണം ചൈനയുടെ ഭാഗത്തുനിന്നും താലിബാന് ഭരണകൂടത്തിന് ലഭിച്ചേക്കാം. ആഗോളമയക്കു മരുന്ന് വ്യവസായത്തിന്റെ രണ്ട് മുഖ്യകേന്ദ്രങ്ങള്ക്കിടയിലാണ് ഭാരതത്തിന്റെ സ്ഥാനം. വടക്ക് -പടിഞ്ഞാറ് ഇറാന്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാനിലൂടെയും തെക്ക് -കിഴക്ക് മ്യന്മാര് തായ്ലന്ഡ്, ലാവോസിലൂടെയുമുള്ള മയക്ക് മരുന്ന് വ്യാപാരം നിലവില്‍ താലിബാന്റെ മുഖ്യവരുമാന സ്രോതസ്സാണ്, അധികാരം കൈവരുന്നതോടുകൂടി ഇതിന്റെ ശൃംഖലകള്‍ ഭാരതമടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കും. ഭീകരവാദം,മയക്ക്മരുന്ന് എന്നിവയ്ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, ആയുധക്കടത്ത് തുടങ്ങിയ ഭീഷണികളും ഭാവിയില്‍ കൂടുതല്‍ നേരിടേണ്ടിവരും .
ഇസ്ലാമിക ഭരണക്രമമായിരിക്കും അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവുകയെന്നാണ് താലിബാന് വ്യക്തമാക്കുന്നത്. മനുഷ്യാവകാശലംഘനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാന് മാറുമെന്നതില്‍ സംശയമില്ല. 1996 മുതല്‍ 2001 വരെനീണ്ടുനിന്ന താലിബാന് ഭരണം അത് തെളിയിച്ചതാണ്. സ്ത്രീകളെയും കുട്ടികളെയും ശക്തമായി അടിച്ചമര്‍ത്തുകയും, വിദ്യാഭ്യാസത്തിനോ അഭിപ്രായ-ആവിഷ്കാരസ്വാതന്ത്ര്യത്തിനോഉള്ള അവകാശങ്ങളും നിഷേധിക്കപ്പെടും.
എല്ലാ രാഷ്ട്രങ്ങളും സ്വന്തം സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഭാരതവും സ്വയരക്ഷയ്ക്ക് അത്തരം നയങ്ങള്‍ പ്രഖ്യാപിക്കണം. ഭീഷണികളെ നേരിടാന്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രഹരം നല്കുന്ന നടപടികള്‍ ഭാരതം സ്വീകരിക്കണം. അതിനായി ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ലെന്ന ഭാരതത്തിന്റെ ആണവനയം പരിഷ്കരിക്കണം. ശത്രുരാഷ്ട്രങ്ങളുടെ സഹായത്തോടെ ഭീകരവാദികള്‍ തന്നെ ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വലിയ ഭീഷണിയായി മാറുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ ശക്തമായ സന്ദേശങ്ങള്‍ നല്‍കേണ്ടത് സുരക്ഷയ്ക്കായി വലിയ സമ്പത്ത് ചെലവാക്കുന്ന ഭാരതത്തെ സംബന്ധിച്ച് അത്യാവശ്യമാണ്. ഒപ്പം വിഷയത്തില്‍ അന്താരാഷ്ട്രസമൂഹത്തെ ഒരുമിപ്പിക്കാനും ഭാരതം മുന്നിട്ടിറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: