അങ്ങനെ ചിങ്ങം പിറന്നു. മാസങ്ങളില്‍ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസമാണ് ചിങ്ങമെന്ന് പൊതുവെ പറയാറുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
ചിങ്ങം പിറന്നാല്‍ ചിത്തം നിറഞ്ഞു എന്നൊരു ചൊല്ലുണ്ട്. ചിത്തം നിറയണമെങ്കില്‍ അത്തരത്തിലുള്ള വല്ലതും വരേണ്ടേ? ഏതായാലും ചിത്തം നിറയ്ക്കാനുള്ള വകയുമായാണ് ചിങ്ങം വരുന്നത്. ഈ മാസം പിറക്കുന്നതോടെ തന്നെ പ്രകൃതിയിലാകമാനം മാറ്റം വരികയാണ്. കുളിച്ചൊരുങ്ങി നവോഢയായി നില്‍ക്കുകയാണ് പ്രകൃതി. ആരെയും മോഹിപ്പിക്കുന്നതാണ് ആ പ്രകൃതം. എവിടെ നോക്കിയാലും പ്രതീക്ഷാഭരിതമായ ഒരു മുഖം. പൂക്കളും പുളകവും ചേര്‍ന്ന് സമ്മോഹനമായ ഒരു സ്ഥിതിവിശേഷം. ഇതുവരെ കണ്ട അന്തരീക്ഷം പൊടുന്നനെ മാറുകയാണ്. സ്വയം കോരിത്തരിച്ചു പോവുന്ന പ്രകൃതം.
ആ മാറ്റത്തിന്റെ മൂര്ധന്യത്തിലേക്കാണ് നമ്മുടെ പ്രിയപ്പെട്ട പൊന്നോണം വിരുന്നെത്തുന്നത്. ഓരോ ഹൃദയത്തിലും നവോന്മേഷത്തിന്റെ പൂമ്പൊടി വിതറിക്കൊണ്ടാണ് തിരുവോണം കടന്നുവരുന്നത്. ചിങ്ങമുള്ളതിനാല് ഓണവും ഓണമുള്ളതിനാല്‍ ചിങ്ങവും എന്ന രീതിയാണ്. പ്രകൃതിയുടെ ഊഷ്മളതയിലേക്കു കടന്നുവരുന്ന ഓണത്തിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ വികാരങ്ങളുണ്ട്. അത് നെഞ്ചിലേറ്റാന്‍ ഓരോ മനുഷ്യനും കാത്തിരിക്കുന്നു എന്നതത്രേ എക്കാലത്തെയും പ്രത്യേകത.
കര്‍ക്കടത്തിലെ സങ്കടം പെയ്തൊഴിഞ്ഞ് പവിത്രമായി ചിങ്ങത്തിലേക്കു കടന്നുവരുമ്പോള്‍ കാര്‍ഷിക സമൃദ്ധിയുടെ നെല്ക്കൂമ്പാരങ്ങളാണ് കാണുന്നത്. മണ്ണും മനുഷ്യനും ചേര്‍ന്ന പാരസ്പര്യത്തിന് പൂക്കളമിടുകയാണല്ലോ ഒരര്‍ഥത്തില്‍ ഓണം.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘ഓര്‍മയ്ക്ക് പേരാണിതോണം’ എന്നു പറയുന്നത് തന്നെ ചിങ്ങത്തിന്റെ സമൃദ്ധമായ ഓര്‍മകളെ മുന്‍നിര്‍ത്തിയാണ്. കര്‍ഷകന്റെയും കാരുണ്യത്തിന്റെയും ഇടമുറിയാത്ത സ്നേഹപ്രവാഹമാണ് ചിങ്ങത്തിലുണ്ടാവുന്നത്. അതുകൊണ്ടുതന്നെയത്രേ മറ്റൊരു മാസത്തിനുമില്ലാത്ത സൗന്ദര്യവും ശാലീനതയും ഈ മാസത്തിനു കൈവന്നത്. അതു തലമുറകളിലേക്ക് കൈമാറിക്കൈമാറി സമൂഹം മൊത്തം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സന്ദേശം ഓണത്തിലൂടെ ചിങ്ങമാസം നല്കുന്നു.
പൂവിറുക്കാന്‍ കുട്ടികള്‍ കാടും മേടും കയറി പോവുമ്പോള്‍ അവര്‍ പ്രകൃതിയെ അറിയുകയാണ്. പ്രകൃതിയുടെ ഹൃദയ സ്പന്ദനങ്ങള്‍ക്ക് ചെവിയോര്‍ക്കുകയാണ്. ഈ പൂക്കളും ഈ മണ്ണും ഈ നിശ്ശബ്ദ വാല്സല്യവും ചേര്‍ന്ന പ്രകൃതിയുടെ പരിരംഭണത്തില്‍ അവര്‍ മതിമറന്നു പോവുകയാണ്. ഇത്രമാത്രം മനുഷ്യരെ ചേര്‍ത്തു
പിടിക്കുന്ന മറ്റേത് മാസമാണുള്ളത്? കാര്‍ഷിക സംസ്കാരത്തിന്റെ ചൂടും ചൂരും നിറഞ്ഞ ചിങ്ങത്തിന് സ്വര്‍ണത്തിന്റെ നിറമാണെന്നും അതല്ല സ്വപ്നത്തിന്റെ നിറമാണെന്നും കവികള്‍ ഭാവന ചെയ്യുന്നുണ്ട്. അതെന്തായാലും മനുഷ്യമനസ്സുകളില്‍ പ്രതീക്ഷയുടെ പൂക്കളമിടുന്ന മാസമാണ് ചിങ്ങമെന്നത് തര്‍ക്കമറ്റ വസ്തുതയത്രേ. കാര്‍ഷികസമൃദ്ധിയുടെ ഈടുവെപ്പുകള്‍ നമുക്കെത്രയോ ഉണ്ട്. പക്ഷേ, യുവ തലമുറ അതൊക്കെ വേണ്ടരീതിയില്‍ പരിചരിക്കുന്നുണ്ടോ, ഓര്മിക്കുന്നുണ്ടോ എന്നതൊക്കെ സംശയമാണ്. ഒരു സമൂഹത്തിന്റെ മഹത്തായ സംസ്കാരത്തിന്റെ ഈടുവെപ്പുകളെ പരിഗണിക്കാത്തവര്‍ പിന്നീട് വേദനയുടെ മുള്പ്പാതയിലേക്കിറങ്ങേണ്ടിവരുമത്രേ. ഇന്നത്തെസമൂഹത്തിന്റെ പോക്കു കാണുമ്പോള്‍ അതൊക്കെ ശരിയായി വരാനുള്ള സാധ്യത വളരെയേറെയാണ്. നമ്മുടെ സംസ്കൃതിയും സ്വഭാവവും പരുവപ്പെടുത്തുന്ന ഭാവി എന്താകുമെന്ന ആശങ്ക നില
നില്‍ക്കുകയാണ്. പ്രകൃതിയില്‍ നിന്ന് അകന്നും പ്രകൃതിയെ മുച്ചൂടും തകര്‍ത്തും മുന്നേറുന്നവര്‍ക്ക് മുമ്പിലേക്ക് കൊവിഡായും മറ്റും ദുരന്തങ്ങള്‍ പെയ്തിറങ്ങുകയാണ്. സൂചനകള്‍ കൊണ്ട് പഠിക്കാത്തവരെ പഠിപ്പിക്കാന്‍ പ്രകൃതി തന്നെ’ സിദ്ധൗഷധ’വുമായി ഇറങ്ങിയ സ്ഥിതിയ്ക്ക് കാര്‍ഷിക സംസ്കാരത്തിന്റെ കൈനീട്ടവുമായി നമ്മെ മാടിവിളിക്കുന്ന ചിങ്ങത്തെ മുറുകെപ്പുണരാം. വെറുമൊരു കര്‍ഷകദിനമായി മാറ്റാതിരിക്കാം.’ ചിങ്ങമേ നീ ചിരിക്കുമ്പോഴെന്/ചിത്തത്തില്‍ നിലാവുപരക്കുന്നു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: