കൊല്ലം: അഷ്ടമുടിക്കായല്‍ പുനരുജ്ജീവിപ്പാക്കാന്‍ കേന്ദ്രസമിതി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംരക്ഷണ കര്‍മപദ്ധതി പ്രഖ്യാപിച്ചു. കായല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ നടത്തിയ സാങ്കേതിക ശില്പശാലയിലാണ് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ പ്രഖ്യാപനം.
പുതുതായി വരുന്ന കേന്ദ്രസമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത് സമിതികള്‍ പ്രവര്‍ത്തിക്കും. ഇവയുടെ നിയന്ത്രണത്തില്‍ വാര്‍ഡ്തല സമിതികളും. മുഖ്യമന്ത്രി അധ്യക്ഷനായ തണ്ണീര്‍ത്തട അതോറിറ്റിയുടെ പരിധിയില്‍ അഷ്ടമുടി റാംസര്‍ സൈറ്റ് പ്രൊട്ടക്ഷന്‍ ആന്റ് കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കും.
കായല്‍ യാത്രയില്‍ നടത്തിയ വിവരശേഖരണം അടിസ്ഥാനമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചീകരണത്തിനായി ജനകീയ യജ്ഞം സംഘടിപ്പിക്കും. മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരെ പങ്കാളികളാക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങി 10 ന് അവസാനിക്കും. കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം സെപ്തംബര്‍ 25നകം ചേരും.
ശുചിത്വകായല്‍ പദ്ധതി കേരളപ്പിറവി ദിനത്തില്‍ തുടങ്ങാനാണ് ലക്ഷ്യം. ഫിഷറീസ് വകുപ്പിനാകും മേല്‍നോട്ട ചുമതല. ടികെഎം-പെരുമണ്‍ എഞ്ചിനീയറിംഗ് കോളജുകളുടേയും ശാസ്ത്രജ്രുടേയും നേതൃത്വത്തില്‍ കായലിന്റെ അവസ്ഥ സംബന്ധിച്ച് നിശ്ചിത ഇടവേളകളില്‍ പഠനങ്ങള്‍ നടത്തി പരസ്യപ്പെടുത്തും. അതിവിപുലമായ ക്യാമ്പയിനും അനുബന്ധമായി സംഘടിപ്പിക്കും. തുടക്കമെന്ന നിലയ്ക്ക് ലിങ്ക് റോഡ് പ്രദേശം ശുചീകരിച്ച് ആഴം കൂട്ടും. നിരീക്ഷണ സമിതിയുടെ നിയന്ത്രണത്തിലാകും പ്രവര്‍ത്തനങ്ങള്‍. ശില്പശാലയില് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കളക്ടര്‍ അബ്ദുല്‍ നാസര്‍, എംഎല്‍എമാരായ എം. മുകേഷ്, പി.സി. വിഷ്ണുനാഥ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്, വിവിധ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷര്‍, വിവിധ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സാമൂഹ്യസാംസ്കാരിക സംഘടന പ്രതിനിധികള്‍, വ്യവസായ പ്രതിനിധികള്‍, കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: