ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. വിചാരങ്ങളും വികാരങ്ങളും നാം ഭാഷയിലൂടെ മറ്റുള്ളവരെ അറിയിക്കുന്നു. നല്ല ഭാഷയില്‍ എഴുതാനും പറയാനും കഴിവുള്ളവരെ ആരും ആദരിക്കും. ഭാഷയിലൂടെ അവര്‍ നമ്മുടെ മനസ്സിലേക്കു വേഗം കടക്കുന്നു.
എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനൂമാന്റെ സംസാരം പ്രകീര്‍ത്തിക്കപ്പെടുന്ന ഭാഗമുണ്ട്. സുഗ്രീവന് നിയോഗിച്ചതനുസരിച്ച് രാമലക്ഷ്മണന്മാരുടെ സമീപത്തെത്തിയ ഹനൂമാന് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നു. ആ വാനരശ്രേഷ്ഠന്റെ മധുരഭാഷണം അത്ഭുതാദരങ്ങളോടെയാണ് ശ്രീരാമന് കേള്‍ക്കുന്നത്. ലക്ഷ്മണനോട് രാമന് പറയുന്നു:
‘പശ്യസഖേ! വടുരൂപിണം ലക്ഷ്മണ!
നിശ്ശേഷ ശബ്ദശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന് വടു നിര്‍ണയം’
(കിഷ്കിന്ധാകാണ്ഡം)
‘വ്യാകരണം മുഴുവന്‍ ഇവന് പഠിച്ചിരിക്കുന്നു. ഭാഷണത്തില്‍ ഒരപശബ്ദം പോലുമില്ല. ഇവന് നല്ല വൈയാകരണന് തന്നെ.’ ശ്രീരാമന്റെ ഈ പ്രശംസ ഹനൂമാന്റെ ഭാഷ, എത്ര സുന്ദരവും ശുദ്ധവും മധുരമാണെന്നു വ്യക്തമാക്കുന്നുണ്ട്. രൂപം കൊണ്ടല്ല, ഭാഷണം കൊണ്ടാണ് ആ സന്ദര്‍ഭത്തില്‍ ഹനൂമാന് രാമന് കൂടുതല്‍ ശ്രദ്ധേയനായത്. നല്ല ഭാഷ കൊണ്ട് ആ വാനരശ്രേഷ്ഠന് രാമന്റെ ഹൃദയത്തില്‍ അതിവേഗം ഇടം നേടി. ഇങ്ങനെ സംസാരിക്കുന്നയാള്‍ സമുന്നതമായ വ്യക്തിത്വത്തിനുടമയായിരിക്കുമെന്ന് രാമന് തീര്‍ച്ചയാക്കി.
മറ്റു സന്ദര്‍ഭങ്ങളിലും അന്യൂനമായ വാക് ചാതുര്യം പ്രകടമാകുന്നുണ്ട്.
ശ്രീരാമനിലും സീതയിലും മതിപ്പുളവാക്കുന്നതും സുഗ്രീവനെ നേര്‍വഴിക്കു നയിക്കുന്നതും വിഭീഷണന് അഭയം ലഭ്യമാക്കുന്നതും ഹനൂമാന്റെ പ്രഭാഷണമികവു തന്നെ.
മാധുര്യവും സ്ഫുടതയും പദബോധവും മറ്റും നല്ല ഭാഷയുടെ, ഭാഷണത്തിന്റെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
‘വാരിധി തന്നില്‍ തിരമാലകളെന്ന പോലെ
ഭാരതീ! പദാവലി തോന്നേണം കാലേകാലേ’
എന്ന് എഴുത്തച്ഛന് പോലും പ്രാര്‍ത്ഥിക്കുന്നുണ്ട്!
‘ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്ത്ഥശങ്കയാല്!’
എന്നു കുമാരനാശാന് പരിതപിക്കുമ്പോള്‍, നാം മനസ്സിലാക്കേണ്ടത് ഭാഷാ പ്രയോഗത്തില്‍ എപ്പോഴും സൂക്ഷ്മത പുലര്‍ത്തണമെന്നാണ്. വൈയാകരണന്മാരുടെയെല്ലാം ഭാഷ ആകര്‍ഷകമാകണമെന്നില്ല. വ്യാകരണമറിഞ്ഞുകൂടാത്തവരുടേത് മോശമാകണമെന്നുമില്ല. ഭാഷാഗുണങ്ങളുടെ സങ്കലനത്തില്‍ രചയിതാവിന്റെയോ ഭാഷകന്റെയോ അറിവിനും വ്യക്തിത്വത്തിനുമനുസരിച്ച് ഉണ്ടാകുന്ന സവിശേഷതയാണ് അയാളുടെ ശൈലി രൂപപ്പെടുത്തുന്നത്. സാധാരണ സംസാരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നല്ല ഭാഷ, അല്ലെങ്കില്‍ നല്ല സംസാരം, നല്ല വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്ന് പൊതുവെ പറയാം. ‘നീ നിന്റെ ഭാഷയാകുന്നു’ എന്ന ചൊല്ലിന്റെ അര്‍ഥവും മറ്റൊന്നല്ല. രാമായണത്തില്‍ നല്ല വാക്കോതുന്നവരെല്ലാം നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകളാണ്.
‘അയാളുടെ ഭാഷ കേട്ടില്ലേ!’, ‘അവന്റെയൊരു ഭാഷ’, ‘ആദ്യം മര്യാദയ്ക്കു സംസാരിക്കാന്‍ പഠിക്ക്’, ഇങ്ങനെയൊക്കെ പലരും പറയുന്നത് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. നമ്മുടെ സംസാരത്താല്‍ നമ്മുടെ വ്യക്തിത്വവും സ്വഭാവവും സംസ്ക്കാരവുമെല്ലാം വിലയിരുത്തപ്പെടുന്നു എന്നാണതിനര്‍ത്ഥം.
ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലരുടെ (അവരില്‍ ഭാഷാപണ്ഡിതരുമുണ്ട്!്)ഭാഷ നമുക്കവരിലുള്ള മതിപ്പ് കുറയ്ക്കാനിടയാക്കുന്നു. പറയുന്നത,് ഒരു തരത്തിലും നമുക്ക് ഉള്‍ക്കൊള്ളാത്ത അഭിപ്രായമാണെങ്കിലും, ഉപയോഗിക്കുന്നത് മാന്യമായ ഭാഷയാണെങ്കില്‍ അത്തരക്കാരോട് നമുക്ക് ബഹുമാനം തോന്നും.
ഭാഷ എപ്പോഴും നന്നായിരിക്കാന്‍ ശ്രദ്ധിക്കാം. നല്ല ഭാഷ ജീവിതത്തിലുടനീളം നമുക്ക് ഉറ്റമിത്രത്തെപ്പോലെ ഉപകാരപ്പെടും.
നല്ല ശീലവും നല്ല ഭാഷയും കൈവരിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ് രാമായണ പാരായണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: