കൊല്ലം: കശുവണ്ടിമേഖലയിലെ ബോണസ് തീരുമാനിച്ചെങ്കിലും സ്വകാര്യമേഖലയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും തുക അപ്രാപ്യമാകും. ഫാക്ടറികള്‍ തുറന്നുപ്രവര്ത്തിക്കാത്തതുതന്നെ കാരണം. 2021 ജൂലൈ മാസം വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ തന്നെയാണ് ഓണം ബോണസ് അപ്രാപ്യമാക്കുന്നത്.
വ്യവസായ മന്ത്രി പി. രാജീവും തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയും സംബന്ധിച്ച് കഴിഞ്ഞദിവസം കൂടിയ വ്യവസായബന്ധസമിതി യോഗത്തിന്റെ തീരുമാനപ്രകാരം 17 മുതല്‍ ബോണസ് വിതരണം ചെയ്യും. കാഷ്യു കോര്‍പ്പറേഷനിലും കാപ്പക്സിലുമായി ജോലി ചെയ്യുന്ന 42500 തൊഴിലാളികള്‍ക്ക് മാത്രമേ ഫലത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നാലര ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന രംഗമാണിത്. ഇതില്‍ നാലു ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കില്ലെന്നാണ് വിവിധ യൂണിയന് ഭാരവാഹികളുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസാണ് ഇത്തവണയും പ്രഖ്യാപിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഇനത്തില്‍ 9500 രൂപ. മാസശമ്പളക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് ആയി ലഭിക്കും. സ്വാതന്ത്ര്യദിനം, തിരുവോണം അവധിദിന ശമ്പളവും ബോണസിനൊപ്പം നല്‍കും. തൊഴിലാളികള്‍ക്ക് അടുത്ത ഡിസംബര്‍ വരെയുള്ള ഹാജര്‍ കണക്കാക്കി 20 ശതമാനമാണ് ബോണസ് നിശ്ചയിച്ചത്. ഇത് മുന്‍ സര്‍ക്കാരും നടപ്പാക്കിയ ബോണസാണ്. യുഡിഎഫ് ഭരണകാലത്ത് 20 ശതമാനം ബോണസും 2.5 ശതമാനം എക്സഗ്രേഷ്യയുമടക്കം 22.5 ശതമാനമായിരുന്നു മൊത്തം ബോണസ്. ഇത് കുറയുകയല്ലാതെ നിലനിര്‍ത്തികൊണ്ടുപോകാന്‍ പോലും ഇടതുസര്‍ക്കാരിന് സാധിച്ചില്ലെന്നതാണ് മറ്റൊരു ആരോപണം.
ഇപ്പോള്‍ തീരുമാനിച്ച ബോണസ് കശുവണ്ടി തൊഴിലാളികള്‍ക്ക് 2022 ജനുവരി 31നകം നല്‍കണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ നല്കുന്ന 9500 രൂപയില്‍ കൂടുതലാണ് ആ തുകയെങ്കില്‍ ഫാക്ടറി ഉടമകള്‍ അധികമുള്ള തുക നല്‍കും. തുക കുറവാണെങ്കില്‍ ഇപ്പോള്‍ നല്‍കുന്നതിലെ അധികത്തുക ഇന്‍സന്റീവ് ആയി കണക്കാക്കും. ഫാക്ടറി ജീവനക്കാര്‍ക്ക് ജൂലൈയിലെ ശമ്പളം അടിസ്ഥാനമാക്കിയാണ് മൂന്ന് മാസത്തെ ബോണസ് നല്‍കുന്നത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ആശ്വാസധനം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. 5000 രൂപ വീതം നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: