തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയം മറന്ന് എല്ലാ ദളിത് പട്ടികജാതി സംഘടനകളും ഒന്നിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പാവപ്പെട്ട പട്ടികവിഭാഗക്കാരുടെ മക്കള്‍ക്ക് ലഭിക്കേണ്ട ആനൂകൂല്ല്യങ്ങള്‍ ഭരണകക്ഷിയുടെ ആളുകള്‍ തട്ടിയെടുത്തിട്ടും ഒരു കപട ദളിത് സ്നേഹികളെയും ആക്ടിവിസ്റ്റുക്കളയും കാണാനില്ല. കേരളം നടുങ്ങിയ അഴിമതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നതെന്ന് പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ധനസഹായം ഉപഭോക്താക്കളില്‍ എത്താതെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. പ്രതിവര്‍ഷം 4,000 കോടി രൂപ കേന്ദ്രം പട്ടികജാതി ക്ഷേമത്തിന് ചിലവഴിക്കാനായി കേരളത്തിനു നല്‍കുന്നുണ്ട്. ഇതൊക്കെ എവിടെ പോകുന്നെന്നും സുരേന്ദ്രന് ചോദിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നില്ല. വീട് നിര്‍മ്മിച്ചു നല്‍കുന്നില്ല. എന്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിന് പോലും സൗകര്യമൊരുക്കുന്നില്ല. കേന്ദ്രം കൊടുക്കുന്ന പണം ഉദ്യോഗസ്ഥരും സിപിഎമ്മുകാരും അടിച്ചുമാറ്റുകയാണ്. ഫണ്ട് തട്ടിപ്പില്‍ കേസെടുത്ത ദേശീയ പട്ടികജാതി കമ്മീഷന് തിരുവനന്തപുരം കോര്പ്പറേഷന് നോട്ടീസയച്ചു കഴിഞ്ഞു. കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട പണം ദുരുപയോഗം ചെയ്തെങ്കില്‍ അതിന് സര്‍ക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കും വരെ ബിജെപിയും പട്ടികജാതി മോര്‍ച്ചയും പോരാടും.
സംസ്ഥാനത്ത് അഴിമതി കേസുകളില്‍ അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രി തന്നെ പല കേസുകളിലും പ്രതി സ്ഥാനത്തുള്ളതു കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുമ്പിലെത്തിയ മൊഴി അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മജിസ്ട്രേറ്റിന് മുമ്പില്‍ നല്കിയ പ്രതിയുടെ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് പറയുന്നത്. ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി കരമന ജയന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്നജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: