തിരുവനന്തപുരം : ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് നിയമസഭയില്‍ തിരുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചു. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍ പെട്ടില്ല എന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് മറുപടി വീണ്ടും തിരുത്തി നല്‍കുകയായിരുന്നു.
ആഗസ്റ്റ് നാലിന് നിയമസഭയില്‍ മാത്യൂ കുഴല്നാടന് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതോടെ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തു.
സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകള്ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാല്‍ സാങ്കേതിക പിഴവ് മൂലം ആദ്യത്തെ മറുപടി തന്നെ നല്‍കുകയായിരുന്നെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം വിശദീകരണം നല്‍കിയതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രിയുടെ ഉത്തരവും പിന്നാലെയിറങ്ങി. അത്യാഹിത, ഒപി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കണം, വിമുക്ത ഭടന്മാരെ സുരക്ഷാ ജീവനക്കാരെ നിയമിക്കണം, സുരക്ഷാജീവനക്കാരെ ഏകോപിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നല്‍കണം എന്നിങ്ങനെയാണ് ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: