ന്യൂദല്‍ഹി : പ്രതിഷേധമെന്ന പേരില്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതില്‍ പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രിമാര്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പ്രതിപക്ഷം മനപ്പൂര്‍വ്വം അലങ്കോലപ്പെടുത്തി. സമ്മേളനം സുഗമമായി നടത്താനായി പലതവണ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം ഒന്നിനോടും സഹകരിച്ചിരുന്നില്ല. പാര്‍മെന്റ് സമ്മേളനം നടത്തിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും കേന്ദ്രം വിമര്‍ശിച്ചു.
കേന്ദ്രമന്ത്രിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രമന്ത്രിമാര്‍ അരോപിച്ചു.
പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേരുന്ന വിധത്തിലല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തിയെന്നും സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്തുകയറിയതില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തുകയാണ്. മുതലക്കണ്ണീര് ഒഴുക്കുന്നതിന് പകരം രാജ്യത്തെ ജനങ്ങളോട് പ്രതിപക്ഷമ മാപ്പ് ചോദിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധമെന്ന പേരില്‍ രാജ്യസഭയിലെ ഫര്‍ണിച്ചറും വാതിലുകളും പ്രതിപക്ഷം തകര്‍ത്തു. പേപ്പറുകള്‍ കീറിയെറിഞ്ഞു. സഭയുടെ വാതില്‍ ചില്ലുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. പ്രതിപക്ഷ എംപിമാരുടെ കൈയേറ്റത്തിനിടെ ഒരു വനിതാ മാര്‍ഷലിന് പരിക്കേറ്റതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആരോപിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏഴര വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് ജനവിധി അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും കുറ്റപ്പെടുത്തി.
2014ന് ശേഷം പ്രതിപക്ഷം ഏറ്റവും കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഈ സമ്മേളനത്തിലായിരുന്നു. 2014ന് ശേഷമുള്ള സഭയുടെ ഏറ്റവും മികച്ച പ്രകടനവും ഈ സമ്മേളനത്തിനാണ്. അതേസമയം പ്രതിപക്ഷത്തിന്റെ അതിക്രമങ്ങള്‍ക്കിടയിലും ഇത്തവണ സഭയില്‍ പാസായത് 19 ബില്ലുകള്‍. ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ബില്ലും ഇതില്‍ ഉള്‍പ്പെടും.
ഈ സമ്മേളനത്തില്‍ പ്രതിദിനം 1.1 ശരാശരിയിലാണ് രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സായത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ഈ സമ്മേളനത്തില്‍ സഭയ്ക്ക് നഷ്ടമായത് 76 മണിക്കൂറുകളും 26 മിനിട്ടുമാണ്. ജൂലൈ 19നായിരുന്നു ഈ വര്‍ഷത്തെ രാജ്യസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ജൂലൈ 27നായിരുന്നു ആദ്യ ബില്‍ പാസ്സായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: