കൊല്ലം: നീക്കിയ മാലിന്യങ്ങള്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ അഷ്ടമുടിക്കായല്‍ ശുചീകരണം പ്രഹസനമാകുന്നു. മനുഷ്യാവകാശ കമ്മീഷന് ഇടപെടലില്‍ കായല്‍ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ ചര്‍ച്ചയാകുന്നത്.
കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യവും ചെളിയും ഒലിച്ചിറങ്ങി കായല്‍ വീണ്ടും മലിനമായി. മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാ കുമാരി പരിശോധനയ്ക്ക് എത്തുന്നതിനുമുന്നോടിയായുള്ള തട്ടിക്കൂട്ട് ശുചീകരണം നടത്താനാണ് ജലഗതാഗത വകുപ്പും ഡിടിപിസിയും ശ്രമിച്ചത്. കായലിലേക്ക് മാലിന്യം തള്ളുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പരിശോധനയില്‍ നിന്ന് മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.
അറവ്, ആശുപത്രി മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കായല്‍ മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. മീനുകള്‍ ചത്തുപൊങ്ങുകയും ജലജീവികള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അഷ്ടമുടിക്കായലുള്‍പ്പെടെയുള്ള കൊല്ലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍ ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കായല്‍ശുചീകരണം അടിയന്തര പ്രാധാന്യമുള്ളതായി.
ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കായലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരിശോധനകള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്. 2007ന് ശേഷം കാര്യമായ സര്‍വ്വേകള്‍ കായല്‍ വിഷയത്തില്‍ നടന്നിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി പരിഹാരം കാണുന്നതിനാണ് ജനകീയ കൂട്ടായ്മ എന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മിഷന് മുന്നോട്ടുവെച്ചത്. ജില്ലാഭരണകൂടം മുന്‍കയ്യെടുത്താണ് കൂട്ടായ്മ രൂപീകരിക്കേണ്ടത്. ഇതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ വീണ്ടും കായലിലേക്ക് ഒലിച്ചിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: