അഞ്ചല്‍: ഹരിതം ആട് ഗ്രാമം പദ്ധതിയുടെ പേരില്‍ ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ചതായി പരാതി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ ലോണ്‍ നല്കി രോഗം ബാധിച്ച് ചാവാറായ ആടുകളെയും ഗുണനിവാരം ഇല്ലാത്ത ആട്ടിന്കൂടും നല്കി വഞ്ചിച്ചതായാണ് പരാതി.
ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ പനച്ചവിള ഏഴാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരായ ശ്രീലത, ഗിരിജ, രമണി, സുധര്‍മ്മ, ശ്യാമള, നിഷ എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത്. എട്ടു മാസം മുമ്പ് തങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്നും ആടിനും ആട്ടിന്കൂടിനുമായി ഒരാള്‍ക്ക് ഒരുലക്ഷം വീതം ലോണ്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ആടിനെ വിതരണം ചെയ്യാന്‍ പഞ്ചായത്ത് ഏല്‍പ്പിച്ചിരുന്ന ഏജന്‍സിയാണ് തുക കൈപ്പറ്റിയെന്നും പലിശ ഉള്‍പ്പെടെ ഒരു ലക്ഷത്തി ഇരുപത്തി ആറായിരം രൂപ തിരിച്ചടയ്ക്കണമെന്നുമാണ് കരാറെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആട് തങ്ങള്‍ക്ക് ലഭിച്ചത് രണ്ടാഴ്ച മുമ്പാണെന്നും ആറുമാസം മുമ്പ് നല്കിയ ബാങ്ക് വായ്പയുടെ തവണയും പലിശയും അടയ്ക്കണം എന്നാവശ്യപ്പെട്ട് ലോക്ക് ഡൗണ്‍ കാലത്തും ബാങ്ക് അധികൃതര്‍ ബുദ്ധിമുട്ടിച്ചതായും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
ഒരാടിന് 10,000 രൂപ വീതം വില വരുന്ന അഞ്ച് ആട്ടിന്കുട്ടികളും അമ്പതിനായിരം രൂപ വിലവരുന്ന ഹൈടെക് ആട്ടിന്‍ കൂടും നല്‍കുമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ ഒരു ലക്ഷം രൂപ ഓരോരുത്തര്‍ക്കും അനുവദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച ആട്ടിന്‍കുട്ടികള്‍ രോഗം ബാധിച് ചാവാറായതാണെന്നും പാലുകുടി പോലും മാറാത്ത ആട്ടിന്കുട്ടികള്ക്കുപോലും 10,000 രൂപ വീതം വില ഈടാക്കി എന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തമായി വീടു പോലുമില്ലാത്ത വാടകവീട്ടില്‍ താമസിച്ചിരുന്ന വിധവകളാണ് പഞ്ചായത്തിന്റെ ചതിയില്‍പെട്ടത്.
ആടിന് ഇന്‍ഷുറന്‍സ് പോലും എടുത്തു നല്‍കിയില്ല. രോഗം ബാധിച്ച ആടിനെ ദിവസവും 250 രൂപ ആട്ടോകൂലി മുടക്കി ആയൂരിലെ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ച് മടുത്തതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. രോഗം ബാധിച്ച ആടുകളെ തിരികെ ഏറ്റെടുത്ത് ഗുണനിലവാരമുള്ള ആടുകളെ പകരം നല്കിയില്ലങ്കില് ആടുകളുമായി പഞ്ചായത്ത് പടിക്കല്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: