ന്യൂദല്‍ഹി : പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍. സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി അതിരുവിട്ടാണ് പ്രതിപക്ഷം പെരുമാറിയതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കര്‍ഷക പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നടത്തിയത് നാണംകെട്ട പ്രതിഷേധമാണെന്നും വെങ്കയ്യ നായിഡു അറിയിച്ചു. സഭയിലെ പ്രതിപക്ഷ നടപടികള്‍ക്കെതിരെ വിതുമ്പിക്കൊണ്ടാണ് ഉപരാഷ്ട്രപതി പ്രതികരിച്ചത്.
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ചൊവ്വാഴ്ച സഭയില്‍ ബഹളം വെയ്ക്കുകയും തുടര്‍ന്ന് സഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. മേശകള്‍ക്ക് മുകളില്‍ കയറിനിന്ന് രാജ്യസഭാംഗങ്ങള്‍ പ്രതിഷേധം നടത്തിയത് ലോകത്തിന് തന്നെ നാണക്കേടാണ്. സഭയുടെ അന്തസ്സിനെ ഇത് കളങ്കപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഹീനമായ പ്രവൃത്തികളെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
വിഷയത്തില്‍ തന്റെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. പ്രതിപക്ഷം ഇത്ര പ്രകോപിതരാകാന്‍ ഒരു കാരണവും കാണുന്നില്ലെന്നും വെങ്കയ്യ നായിഡു വികാരാധീനനായി അറിയിച്ചു.
രാജ്യസഭയില്‍ കര്‍ഷക വിഷയം ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച സമയത്താണ് കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യവും കൂക്കിവിളികളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയല്‍ എന്നിവര്‍ വെങ്കയ്യ നായിഡുവിനെയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയേയും കണ്ട് കര്‍ഷക പ്രതിഷേധത്തിലെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: