കോന്നി: ജനവാസ മേഖലകളിൽ ഇറങ്ങുന്ന വിഷപാമ്പുകളെ പിടികൂടുവാൻ വനംവകുപ്പ് തയാറാക്കിയ ‘സർപ്പ ആപ്പ്’ സൂപ്പർ ഹിറ്റാകുന്നു. ഇത് ഉപയോഗിച്ച് കോന്നി വനം ഡിവിഷന്റെ പരിധിയിലും നിരവധി പാമ്പുകളെയാണ് പിടികൂടിയത്.
കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിലെ പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. ജനവാസ പ്രദേശത്ത് എത്തുന്ന പാമ്പിനെ പിടികൂടി കാട്ടിലേയ്ക്ക് സുരക്ഷിതമായി വിട്ടയയ്ക്കുന്നതിനുള്ള ചുമതല ഇവർക്കാണ് നൽകിയിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ജൂൺ വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളിൽ 1137 എണ്ണത്തിനെയും കുരുക്കിയത് സർപ്പ ആപ്പിലൂടെയാണ്. ഇഴജന്തു ശല്യമുള്ള പ്രദേശം ആപ്പിൽ രേഖപ്പെടുത്തിയാൽ ആ പരിധിയിലെ അംഗീകൃത പാമ്പു പിടിത്തക്കാരുടെ നമ്പർ ലഭിക്കും. ഇതിൽ വിളിച്ചാൽ അവർ ഗൂഗിൾ മാപ്പിന്റെ സഹായത്തൊടെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും.
ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിൽ എത്തിക്കുവാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പ് കടിയേറ്റാൽ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ, പരിശീലനം ലഭിച്ചവരുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും നമ്പരുകൾ, അടിയന്തിര ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയും മൊബൈൽ ആപ്പിൽ ലഭ്യമാണ്. പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്.
പാമ്പുകളെ പൊതുജനങ്ങൾ കൊല്ലാതിരിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുവാനും ലക്ഷ്യമിട്ടാണ് വനംവകുപ്പ് ഈ ആപ്പ്ലിക്കേഷൻ വികസിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: