കണ്ണൂര്‍: വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്. തങ്ങളെ പോലീസ് മര്‍ദിച്ചെന്ന് കാട്ടി ഇരുവരും മജിസ്ട്രേറ്റിനു പരാതി നല്കി. കൈക്കും ചുമലിലും മര്‍ദിനേറ്റത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നും അഭിഭാഷകന് അവകാശപ്പെട്ടു.
എന്നാല്‍, വ്ളോഗര്‍മാരായ സഹോദരങ്ങള്‍ മുന്‍പും നിരവധി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവര്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന് മാറി തരുന്നില്ല’ എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം.
ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാം. സൈറണ്‍ ഇട്ടു വരുന്നതിനാല്‍ ആംബുലന്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്.
അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കൂടുതല്‍ പേര് നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. സഹോദരന്മാര് രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: