ന്യൂദല്‍ഹി: ലോക്സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടി അംഗങ്ങള്‍ നാളെ(ഓഗസ്റ്റ് 10) ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി തിങ്കളാഴ്ച മൂന്നുവരി വിപ്പ് നല്കി. ജൂലൈ 19ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് എല്ലാ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു. സമ്മേളനത്തിന്റെ ആദ്യദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്നത് പ്രതിപക്ഷ കക്ഷികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നില്ല.
ഓഗസ്റ്റ് 13ന് അവസാനിക്കുന്ന വര്‍ഷകാല സമ്മേളനം അവസാന ആഴ്ചയിലേക്ക് കടന്നു. ‘ ഓഗസ്റ്റ് 10 ചൊവ്വാഴ്ചയും ഓഗസ്റ്റ് 11ന് ബുധനാഴ്ചയും രാജ്യസഭയില്‍ വളരെ പ്രധാനപ്പെട്ട ചില വിഷയം ചര്‍ച്ചയ്ക്കെടുക്കുകയും പാസാക്കുകയും ചെയ്യുമെന്ന് രാജ്യസഭയിലെ ബിജെപി അംഗങ്ങളെ അറിയിക്കുന്നു. അതിനാല്‍ രണ്ടു ദിവസങ്ങളിലും ബിജെപിയുടെ രാജ്യസഭയിലെ എല്ലാ അംഗങ്ങളും മുഴുവന്‍ സമയവും സഭയില്‍ ഹാജരാകണമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു’.-ബിജെപി നോട്ടിസില്‍ പറയുന്നു.
10, 11 തീയതികളില്‍ രാജ്യസഭാ അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചതിനൊപ്പം നാളെ പാര്‍ലമെന്റില്‍ എത്താന്‍ പാര്‍ട്ടിയുടെ ലോക്സഭാ എംപിമാരോടും മൂന്നുവരി വിപ്പിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: