കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന് പിന്നാലെ വർഷങ്ങളുടെ ബിസിനസ് പാരമ്പര്യമുളള നാഷണൽ പെയിന്റ്സും കേരളം വിടുന്നു. കമ്പനിയുടെ അങ്കമാലിയിലെ സായെഗ് പെയിന്റ് ഫാക്ടറീസിൽ സിഐടിയു നടത്തുന്ന സമരത്തിൽ പൊറുതിമുട്ടിയാണ് പിൻമാറ്റം. ഫെബ്രുവരി 22 മുതൽ ശമ്പളവർദ്ധനവിനായി സിഐടിയു നേതൃത്വത്തിലുളള ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ സമരത്തിലായിരുന്നു. ജോലിക്ക് കയറാൻ തയാറായ തൊഴിലാളികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. 22 ദിവസം ഫാക്ടറി അടച്ചിടേണ്ട സ്ഥിതിയിലും എത്തി. വെറും 14 അംഗങ്ങൾ മാത്രമുള്ള യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.
സമരത്തിനൊടുവിൽ പാർട്ടി ജില്ലാ നേതൃത്വത്തെ ഇടപെടുത്തി നടത്തിയ ചർച്ചയിൽ കൊറോണ പ്രതിസന്ധി പോലും കണക്കിലെടുക്കാതെ നഷ്ടത്തിലോടുന്ന കമ്പനി ലോങ് ടേം വേജ് സെറ്റിൽമെന്റിന്റെ ഭാഗമായി അടുത്ത മൂന്നുവർഷം കൊണ്ട് 42 ശതമാനം ശമ്പളവർദ്ധന നൽകാമെന്നു സമ്മതിച്ചു. എന്നാൽ ലേബർ ഓഫീസറുടെ മുന്നിൽ കരാർ ഒപ്പിടാൻ വന്ന നേതൃത്വം നിയമപരമായി പ്രൊവിഡന്റ് ഫണ്ടിൽ കമ്പനി അടയ്ക്കേണ്ട തുക തൊഴിലാളികളുടെ കയ്യിൽ കൊടുക്കണമെന്ന വിചിത്രവാദം മുന്നോട്ടുവെച്ചു.
സമരകാലത്ത് ഗുണ്ടായിസം കാണിച്ച തൊഴിലാളിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ കമ്പനിയുടെ ജനറൽ മാനേജരെ ഘെരാവോ ചെയ്തു. തുടർച്ചയായുളള ഇത്തരം നീക്കങ്ങളിൽ മനസു മടുത്താണ് കേരളത്തിൽ നിന്ന് വിട്ടുപോകാൻ കമ്പനി ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെയാണ് മാറാൻ നീക്കം നടത്തുന്നത്.
നേരത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പകപോക്കൽ നീക്കങ്ങളിൽ മടുത്താണ് കിറ്റെക്സ് ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറിയത്. കേരളത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അതേ പ്രൊജക്ടിനായി തെലങ്കാന കിറ്റെക്സിനെ സമീപിക്കുകയും അവിടെ നിക്ഷേപം നടത്താൻ ധാരണയാകുകയും ചെയ്തിരുന്നു. 35000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടമായത്. ഇതിന് പിന്നാലെയാണ് നാഷണൽ പെയിന്റ്സിന്റെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: