കോഴിക്കോട്: തിരിച്ചുപോക്കെന്ന ആശ്വാസത്തിനിടയിലും കര്‍ശന നിയന്ത്രണങ്ങളില്‍ കുരുങ്ങി പ്രവാസികള്‍. കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളുടെ ഫലമായി നിരവധി മലയാളികളാണ് വിദേശരാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ തുടരുന്നത്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ രാജ്യങ്ങളിലേക്കുള്ള മടക്ക യാത്ര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് തിരിച്ചുപോവാനായി വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. ഇവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മയും മുടങ്ങിയ ശമ്പളവും കാരണം കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിനുപുറമെയാണ് വിദേശരാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ക്വാറന്റൈന് തുടങ്ങിയ ചെലവുകളും.
കേരളത്തിലെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് സംബന്ധിച്ച മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടക്കുന്ന സമയത്ത് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് സ്വന്തം ചെലവില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുറത്ത് 500 രൂപ ഈടാക്കുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ 2500 രൂപയാണ് ഈടാക്കുന്നത്. പെട്ടെന്ന് ടെസ്റ്റ് റിസള്‍ട്ട് നല്കുന്നതിനാലാണ് ഈ ഒരു തുക ഈടാക്കുന്നത് എന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് പോസിറ്റീവായാല്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഫൈന്‍ അടച്ച് ടിക്കറ്റിന്റെ തീയതി നീട്ടി നല്‍കുകയാണ് നിലവില്‍ ചെയ്തു വരുന്നത്.
അതേസമയം ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനായുള്ള ദുബായ് സിവില്‍ ഏവിയേഷന്റെ അറിയിപ്പ് ലഭിച്ചതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി കൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ പതിനായിരം രൂപ പരിധിയില്‍വരുന്ന ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 30,000 രൂപവരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: