തിരുവനന്തപുരം: തൊട്ടടുത്ത ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴയിട്ട സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്.
ശ്രീകാര്യം സ്റ്റേഷനിലെ സിപിഒ അരുണ്‍ശശിയെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. സി ഐക്കെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. 2000 രൂപ പിഴ ചുമത്തിയ പൊലീസ് ഇതില്‍ നിന്നും 1500 രൂപ തട്ടിയ പരാതിയും ഗൗരവമായി അന്വേഷിക്കുന്നുണ്ട്. 2000 രൂപ പിഴയിട്ട ശേഷം വെറും 500 രൂപയുടെ രസീതി മാത്രമാണ് നല്‍കിയത്. സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴയെന്നും പൊലീസ് പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000 രൂപ പിഴ ചുമത്തിയെങ്കിലും 500 രൂപയുടെ മാത്രം രസീതിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി വെഞ്ചാവോട് സ്വദേശി നവീന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പൊലീസിന്റെ രസീതി പങ്കുവെച്ചത് . ഇതോടെ ഈ പോസ്റ്റ് വൈറലായതോടെ ശ്രീകാര്യം പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. 2000 രൂപ തന്നെയാണ് രസീതിയില്‍ എഴുതിയതെന്നും അത് എഴുതിപ്പോയതിലെ പിഴവ് മൂലം 500 എന്നായതാണെന്നുമുള്ള പൊലീസിന്റെ വിശദീകരണം വിലപ്പോയില്ല. പക്ഷെ രസീതി കാണുന്ന ആര്‍ക്കും 500 എന്നാണ് എഴുതിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
മകനും അമ്മയും യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞ് പിഴ ചുമത്തിയ പൊലീസുകാര്‍ ഉടനെ പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ശ്രീകാര്യം സ്റ്റേഷനിലെത്തി പിഴ ചുമത്തിയതിന് ശേഷമാണ് വിട്ടയച്ചത്. എങ്ങോട്ട് പോയെന്ന് പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയതെന്ന് നവീന്‍ പറയുന്നു. പൊലീസ് പിടിച്ചപ്പോള്‍ മടങ്ങിപ്പോകാമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും നവീന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: