തിരുവനന്തപുരം: ഭാരതത്തിലെ ആദ്യത്തെ ഹാര്ട്ട്ഫെയ്ല്യര് ഗവേഷണത്തിനായുള്ള ‘ബയോബാങ്ക്’ ശ്രീചിത്രയില്‍ ആരംഭിച്ചു. ഹൃദയപരിക്ഷീണത രാജ്യത്ത് ഉയര്‍ന്നവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് എക്സലന്‍സ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്കു, ഹാര്ട്ട്ഫെയ്ല്യര് ബയോബാങ്ക് ഉള്‍പ്പടെയുള്ള ഗവേഷണത്തിനായി അഞ്ചു കോടി രൂപയുടെ ഫണ്ട് അനുവദിച്ചത്.
ഗവേഷണത്തിന്റെ പ്രധാന ഘടകമായ, 85 ലക്ഷം രൂപ ചിലവാക്കി സജ്ജീകരിച്ച ഹാര്ട്ട്ഫെയ്ല്യര് ഗവേഷണത്തിനായുള്ള രാജ്യത്തെ ആദ്യത്തെ ഹാര്ട്ട്ഫെയ്ല്യര് ബയോബാങ്കിന്റെ ഉദ്ഘാടനം പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗ്ഗവ, (ഐസിഎംആര്‍ സെക്രട്ടറി; ഡി.എച്ച്.ആര് ഡി.ജി) ആഗസ്റ്റ് അഞ്ച് വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു.
ഹൃദയ പരിക്ഷീണത രോഗികള്‍ക്ക് ഗണ്യമായി പ്രയോജനം ചെയ്യുന്ന ഭാവി ചികിത്സകളിലേക്കും സാങ്കേതികവിദ്യകളിലേക്കും നമ്മെ നയിക്കുവാനും, ഹാര്ട്ട്ഫെയ്ല്യര് രോഗാവസ്ഥയുള്ള ഭാരതത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റു പാശ്ചാത്യ സമൂഹത്തിലെ രോഗികളുമായുള്ള വ്യത്യസ്തത മനസിലാക്കുവാനും രോഗത്തെ കുറിച്ച് ഗവേഷകര്‍ക്കുള്ള ഉള്‍ക്കാഴ്ച വര്‍ദ്ധിപ്പിക്കുവാനും ബയോ ബാങ്ക് സഹായിക്കുമെന്നും ചടങ്ങു ഉത്ഘാടനം ചെയ്തു കൊണ്ട് പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു.
കോവിഡ് അനന്തര രോഗങ്ങളുടെ പഠനങ്ങള്‍ക്കും ചികിത്സയ്ക്കും ഹാര്‍ട്ട് ഫെയില്യര്‍ ബയോബാങ്ക് ഉപയോഗപ്രദമാകുമെന്ന് ഡി.എസ്.റ്റി (ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി) സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ്മയും അഭിപ്രായപ്പെട്ടു. ഹാര്ട്ട്ഫെയ്ല്യര് ബയോബാങ്ക് മെഡിക്കല്‍ ഗവേഷണ രംഗത്ത് പുതിയൊരു കാല്വെയ്പ്പിന് തുടക്കം കുറിയ്ക്കുമെന്നും ഹൃദയപരിക്ഷീണത രോഗികളുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും വന്‍ മാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കുമെന്നും നീതിആയോഗ് മെമ്പറും ശ്രീചിത്ര പ്രസിഡന്റും ആയ ഡോക്ടര്‍ വി.കെ. സരസ്വത്ത് അറിയിച്ചു.
ബയോബാങ്ക് സൗകര്യങ്ങളില്‍ 4, 20, 80 ഡിഗ്രി ഫ്രീസറുകളും, 140 ഡിഗ്രിയില്‍ വര്‍ഷങ്ങളോളം ജൈവ സാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ദ്രാവക നൈട്രജന്‍ സംഭരണ സംവിധാനവും ഉള്‍പ്പെടുന്നുവെന്ന് പദ്ധതിയുടെ പ്രധാന ഗവേഷകനും കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും ആയ ഡോ. ഹരികൃഷ്ണന് എസ് അറിയിച്ചു. നിലവില്‍ 25000 ബയോസാമ്പിള്‍ സൂക്ഷിക്കാനുള്ള സൗകര്യം ബയോബാങ്കില്‍ ഉണ്ട് .
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി സമയത്ത് ലഭിക്കുന്ന രക്തം, സെറം, ടിഷ്യു സാമ്പിളുകള്‍, പെരിഫറല്‍ ബ്ലഡ് മോണോ ന്യൂക്ലിയര്‍ കോശങ്ങള്‍, ഹാര്‍ട്ട്ഫെയ് ല്യര്‍ ഉള്ള രോഗികളില്‍ നിന്ന് ശേഖരിച്ച ജനിതക സാമ്പിളുകള്‍ എന്നിവ ഹാര്ട്ട്ഫെയ്ല്യര് ബയോബാങ്കില്‍ സൂക്ഷിയ്ക്കുവാനുള്ള ബയോസ്പെസിമെന്സില് ഉള്‍പ്പെടുന്നു. ഐസിഎംആറില്‍ നിന്നുള്ള പ്രതിനിധി ഉള്‍പ്പെടുന്ന സാങ്കേതിക ഉപദേശക സമിതിയാണ് ബയോബാങ്ക് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
ഗവേഷണങ്ങള്‍ക്കും, രോഗ നിര്‍ണയങ്ങള്‍ക്കും കൂടുതല്‍ വ്യക്തതതയും, മോളിക്യൂലര്‍ പഠനങ്ങള്‍ക്കും ഹൃദ്രോഗ മൂലകാരണ അനുബന്ധ ഗവേഷണങ്ങള്‍ക്കും ഹാര്ട്ട്ഫെയ്ല്യര് ബയോ ബാങ്ക് നിര്‍ണായക പങ്കു വഹിക്കുമെന്നും ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫസര്‍ അജിത്കുമാര്‍ അറിയിച്ചു. സാമ്പിളുകള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള രോഗികളില്‍ നിന്നുള്ള സമ്മതപത്രം അനുസരിച്ചാണ് ബയോസാമ്പിളുകള് ശേഖരിക്കുന്നത്. ഫിസിയോളജിക്കല്‍ അളവുകള്‍, ഇസിജി പോലുള്ള ഇമേജിംഗ് ഡാറ്റ, എക്കോകാര്‍ഡിയോഗ്രാഫി, എംആര്‍ഐ, പരിശോധന വിവരങ്ങള്‍ എന്നിവ ക്ലിനിക്കല്‍ ഡാറ്റയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ താല്‍പ്പര്യമുള്ള മറ്റു ഗവേഷകര്‍ക്കും ക്ലിനിക്കുകള്‍ക്കും ശ്രീചിത്രയിലെ ഗവേഷണ പദ്ധതിക്കൊപ്പം സഹകരിക്കാവുന്നതുമാണ്. ഹൃദയ പേശികളുടെ കട്ടി കൂടുന്നത് കാരണം ഉണ്ടാകുന്ന ഹാര്ട്ട്ഫെയ്ല്യറിനെ കുറിച്ചുള്ള (ഹൈപ്പര്‍ട്രോഫിക്ക് കാര്‍ഡിയോമിയോപ്പതി) ഗവേഷണത്തിനായി ഇന്‍സ്റ്റെം ബാംഗ്ലൂരുമായി ശ്രീചിത്ര ബയോബാങ്ക് ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. ഗവേഷണങ്ങളില്‍ എല്ലാ ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്, കൂടാതെ ശ്രീ ചിത്രയുടെ ടിഎസി / ഐഇസി (എത്തിക്സ്കമ്മിറ്റി) അംഗീകരിക്കുകയുംവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: