കാസര്‍കോട്: ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തില്‍ കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിയില്‍ ചേര്‍ന്നവര്‍ വെട്ടിലായി. ചേരുന്ന സമയത്ത് 30 മാസം 500 രൂപ വീതം തവണകളായി നല്‍കാമെന്നാണ് ആദ്യം നിര്‍ദേശം ലഭിച്ചത്. 1500 രൂപ അടയ്ക്കുമ്പോള്‍ തന്നെ ലാപ്ടോപ് ലഭിക്കുമെന്ന നിര്‍ദേശത്തില്‍ ചേര്‍ന്നവര്‍ക്ക് 12 മാസമടച്ചിട്ടും ലാപ്ടോപ് ലഭിച്ചിട്ടില്ല.
ബദിയടുക്ക പഞ്ചായത്തില്‍ 50 പേരും എന്മകജെയില് 140പേരുമാണ് ഈ ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളത്. കമ്പനികളുടെ ഗുണമേന്മയുള്ള ലാപ്ടോപ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണടമച്ച കുടുംബശ്രീ അംഗങ്ങളാണ് വെട്ടിലായത്. കുടുംബശ്രീ സഹായത്തോടെയാണ് കെഎസ്എഫ്ഇ ഈ ചിട്ടി നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനം നടത്തുന്നതിനാണ് വിദ്യാര്‍ത്ഥികളുള്ള കുടുംബശ്രീ അംഗങ്ങള്‍ ഇതില്‍ ചേര്‍ന്നത്.
20,000 രൂപ അടച്ചു ലാപ്ടോപ്, ടാബ്ലറ്റ് വാങ്ങിയ ബില്ലുമായി വരുന്നവര്‍ക്ക് ഇത്രയും തുക വായ്പ നല്‍കുമെന്ന കെഎസ്എഫ്ഇ നിര്‍ദേശമാണ് ഇപ്പോള്‍ പ്രതിഷേധത്തിനിടയാക്കുന്നത്. ലാപ്ടോപ് പ്രതീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഇതില്ലാതെ എസ്എസ്എല്‍സിയും പ്ലസ്ടുവും ബിരുദവും കഴിഞ്ഞിറങ്ങി. ലാപ്ടോപ് വേണ്ട, അടച്ച തുക മതിയെന്ന് ആവശ്യപ്പെട്ടവര്‍ക്കും പണം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: