കൊല്ലം: കാര്‍ഗോ കാത്തിരിക്കുകയാണ് എട്ടുമാസങ്ങള്‍ക്കു ശേഷവും കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കര ചെരുവില്‍ വീട്ടില്‍ കലാവതി. അബുദാബിയില്‍ ജോലി ചെയ്തിരുന്ന കലാവതി 2020 ഡിസംബറില്‍ കാര്‍ഗോ കമ്പനിവഴി 109 കിലോ സാധനങ്ങള്‍ നാട്ടിലേക്കയച്ചത്. ഇതുവരെ സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ വലിയ ദുരിതത്തിലാണ് ഈ വയോധിക.
അബുദാബിയില്‍ വീട്ടുജോലി ചെയ്തു ലഭിച്ച പണംകൊണ്ട് വാങ്ങി അയച്ച സാധനങ്ങളാണ് കയ്യിലെത്താത്തത്. അസുഖബാധിതയായ കലാവതി അടുത്തിടെയാണ് നാട്ടിലെത്തിയത്. ആ സമയത്തു തന്നൊയിരുന്നു മകളുടെ മരണവും. ഇതിനെത്തുടര്‍ന്ന് സാധനങ്ങളെപ്പറ്റി അന്വേഷിക്കാനായില്ല. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മുംബൈയില്‍ കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് കമ്പനിയിലേക്കു വിളിച്ചാല്‍ ഫോണ്‍ എടുക്കാതായി.
സാധനങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി വെല്‍ഫെയര്‍ ഓര്ഗനൈസേഷന് സംസ്ഥാന ചെയര്മാന് എന്‍.എസ് വിജയന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും നിവേദനം നല്കി. സ്വന്തമായി വീടില്ലാത്ത കലാവതി ഇപ്പോള്‍ സഹോദരിക്കൊപ്പമാണ് കഴിയുന്നത്. തന്റെ പ്രശ്നത്തിന് വേഗത്തില്‍ പരിഹാരമുണ്ടാക്കിത്തരണമെന്ന അപേക്ഷയാണ് ഈ വയോധികയ്ക്ക് അധികൃതരോട് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: