അത്ലറ്റിക്സില് ഒരു ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ എന്ന നൂറ്റാണ്ടിന്റെ സ്വപ്നം ടോക്കിയോയിലെ ഐതിഹാസികമായ പ്രകടനത്തിലൂടെ നീരജ് ചോപ്ര സാധ്യമാക്കിയപ്പോള്‍ തെളിഞ്ഞത് കായിക ഭാരതത്തിന്റെ പുതിയ ഭൂപടം. ഓരോ നാല് വര്‍ഷത്തിലും നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വലിയ പ്രതീക്ഷകളോടെ കായികതാരങ്ങള്‍ യാത്രയാവുകയും, അതിനടുത്തുപോലും എത്താനാവാതെ മടങ്ങിവരികയും ചെയ്തിട്ടുള്ള ചരിത്രമാണ് ഭാരതത്തിന് പറയാനുള്ളത്. ധ്യാന്‍ചന്ദിന്റെ മികവില്‍ ഹോക്കിയില്‍ സ്വര്‍ണം നേടുകയും, മില്‍ഖ സിങ്ങിനും പി.ടി. ഉഷയ്ക്കുമൊക്കെ കപ്പിനും ചുണ്ടിനുമിടയില്‍ മെഡല്‍ നഷ്ടമാവുകയും ചെയ്തതും, ലണ്ടന്‍ ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിലൂടെ സുവര്‍ണ സ്വപ്നം എത്തിപ്പിടിച്ചതുമൊന്നും മറക്കുന്നില്ല. അപ്പോഴും അത്ലറ്റിക്സില് ഒരു സ്വര്‍ണമെന്നത് വിദൂരസ്വപ്നമായി അവശേഷിച്ചു. ജാവലിന്‍ ത്രോയില്‍ കര്‍ഷകപുത്രനായ നീരജ് ചോപ്ര ഒരൊറ്റയേറില്‍ അളന്നുതീര്ത്തിരിക്കുന്നത് ഈ ദൂരമാണ്. നേടാനായത് ഒരേയൊരു സ്വര്‍ണമാണെങ്കിലും ഭാരതതാരങ്ങളുടേത് ഒറ്റപ്പെട്ട പ്രകടനമല്ല. ലോകത്തോട് മത്സരിച്ച അവര്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കിയത് വലിയൊരു കുതിച്ചുചാട്ടമാണ്. ഹോക്കിയിലടക്കം സ്വര്‍ണവും വെള്ളിയും വെങ്കലവുമൊക്കെ നിര്‍ഭാഗ്യംകൊണ്ട് നഷ്ടപ്പെട്ടു പോയതിന്റെ കണക്കു കൂടി എടുക്കുമ്പോള്‍ അഭിമാനകരമായ പ്രകടനമാണ് ടോക്കിയോയില്‍ നമ്മുടെ താരങ്ങള്‍ കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടിയതില്‍നിന്ന് താരങ്ങള്‍ ഏറെ മുന്നേറിയിരിക്കുന്നു.
എന്തുകൊണ്ട് ഈ മാറ്റം എന്നു ചിന്തിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ കായികരംഗത്തിന് കൊടുക്കുന്ന പ്രാമുഖ്യമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാവും. 2014 ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ നടപ്പാക്കിയ ടാര്‍ഗറ്റ് ഒളിമ്പിക്സ് പോഡിയം സ്കീം(ടോപ്സ്) നമ്മുടെ താരങ്ങളുടെ വിജയക്കുതിപ്പിന് വഴിയൊരുക്കിയിട്ടുള്ളതായി കാണാം. ഒളിമ്പിക്സിലെ വിജയം ലക്ഷ്യമിട്ടു തന്നെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്. മികച്ച യുവതാരങ്ങളെ കണ്ടെത്തി വിദേശ പരിശീലകരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും സഹായവും, ആഹാരവും ഉപകരണങ്ങളും വന്‍തുകയുടെ ഇന്സെന്റീവുമൊക്കെ ഈ പദ്ധതിക്ക് കീഴില്‍ ലഭ്യമാക്കി. ഇപ്പോള്‍ മെഡല്‍ നേടിയ നീരജ് ചോപ്രയും പി.വി. സിന്ധുവും ഉള്‍പ്പെടെ നൂറിലേറെ താരങ്ങള്‍ക്കാണ് ടോപ്സിനു കീഴില്‍ പരിശീലനം നല്‍കിയത്. ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ മീരാബായി ചാനുവിന് സഹായമായതും ഈ പദ്ധതിയാണ്. സര്‍ക്കാരില്‍നിന്നുള്ള കടുത്ത അവഗണനകളുടെ കഥകള്‍ പറഞ്ഞ് കരയുന്ന മുന്‍കാലത്തെ അവസ്ഥ ഇപ്പോഴത്തെ ഒരു താരത്തിനും ഇല്ല. അഴിമതികളുടെ പുത്തന്‍ കുതിപ്പുകള്‍ക്കായി ഭരണാധികാരികള്‍ കായിക ലോകത്തെ മറയാക്കുന്ന രീതി അവസാനിപ്പിച്ചു. ഇതിന്റെയൊക്കെ അനന്തരഫലമായാണ്, ഒരിക്കലും കിട്ടില്ലെന്ന് പലരും ഉറപ്പിച്ച സ്വര്‍ണമെഡലടക്കം നേടിയെടുക്കാന്‍ ഭാരതത്തിന്റെ കായികതാരങ്ങള്‍ക്ക് കഴിഞ്ഞത്. ഇതൊരു തുടക്കം മാത്രമാണ്. കരിയറില്‍ അഭിമാനകരമായ വിജയങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഈ അന്തരീക്ഷം താരങ്ങള്‍ക്ക് പ്രചോദനം നല്‍കും. താരങ്ങള്‍ക്കു നല്കുന്ന പിന്തുണയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് ജേതാവ് അഞ്ജു ബോബി ജോര്‍ജ് മോദി സര്‍ക്കാരിനെ പ്രശംസിക്കുകയുണ്ടായി.
ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ടോക്കിയോ ഒളിമ്പിക്സില്‍ ഭാരതം കൈവരിച്ച മെഡല്‍ നേട്ടത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരമായിരിക്കുകയാണ്. കായികതാരങ്ങള്‍ ഒളിമ്പിക്സിലേക്ക് തയ്യാറെടുക്കുമ്പോള്‍ ഒപ്പം പ്രധാനമന്ത്രിയുമുണ്ടായിരുന്നു. ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുന്‍പ് താരങ്ങളുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംസാരിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരമില്ലാതെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി അവരോട് പറഞ്ഞത്. നീരജ് ചോപ്ര, അമ്പെയ്ത്ത് താരം ദീപികാ കുമാരി, ടെന്നീസ് താരം സാനിയാ മിര്‍സ തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. മത്സരം തുടങ്ങിയതിനുശേഷം വിവിധയിനങ്ങളില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്ത താരങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. വിജയത്തിന്റെ തൊട്ടരികിലെത്തി മെഡല്‍ നഷ്ടപ്പെട്ട വനിതാ ഹോക്കി താരങ്ങള്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. കരയേണ്ടതില്ലെന്നും കഴിവിന്റെ പരമാവധി ശ്രമിച്ച നിങ്ങളെയോര്‍ത്ത് രാജ്യത്തിന് അഭിമാനമുണ്ടെന്നുമാണ് മോദി പറഞ്ഞത്. 2012 ല്‍ ഹോക്കിയില്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ സ്ഥിതി അതല്ലെന്നും, ഇന്ന് പ്രധാനമന്ത്രി കളി കാണുകയും തങ്ങളെ വിളിക്കുകയും ചെയ്യുന്നുവെന്നും ഹോക്കിതാരവും മലയാളിയുമായ ശ്രീജേഷ് പറയുന്നതില്‍ കായികരംഗത്തെ ഗുണപരമായ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ താരങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. തങ്ങള്‍ക്കൊപ്പം നിന്ന പ്രധാനമന്ത്രിയെ താരങ്ങള്‍ നന്ദി അറിയിച്ചതില്‍ ചിലര്‍ അമര്‍ഷംകൊള്ളുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാവും. യുവാക്കള്‍ ഗോളുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുമ്പോള്‍ ചിലര്‍ സെല്‍ഫ് ഗോളുകളടിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ എല്ലാം വ്യക്തമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: