കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വികാരിമാരും കന്യാസ്ത്രീമാരും ആദായ നികുതി നല്‍കണമെന്ന് ഹൈക്കോടതി. ഇവരുടെ ശമ്പളത്തില്‍നിന്ന് ടിഡിഎസ് (സ്രോതസ്സില്‍ നിന്നുള്ള വരുമാനം) പിടിക്കാമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി നികുതിയിളവ് അനുവദിക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ടിഡിഎസ് പിടിക്കുന്നതിനെതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരേ കന്യാസ്ത്രീകളടക്കം നല്കിയ അപ്പീലുകള്‍ ഡിവിഷന് ബെഞ്ചും തള്ളി. 2014 മുതലാണ് എയ്ഡഡ് അധ്യാപകരായ വികാരിമാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തില്‍നിന്ന് ടിഡിഎസ് പിടിച്ചു തുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച വികാരിമാരും കന്യാസ്ത്രീകളും സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സഭയ്ക്കാണു പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാര്‍ശമ്പളം പറ്റുന്ന കന്യാസ്ത്രീകളെയും മറ്റും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി അംഗീകരിച്ചു. ശമ്പളം, പെന്ഷന്, ഗ്രാറ്റുവിറ്റി തുടങ്ങിയവയെല്ലാം അവര്‍ക്കു കിട്ടുന്നുണ്ടെന്നും നികുതി വകുപ്പ് ചൂണ്ടിക്കാട്ടി.
സംന്യാസവ്രതം എടുക്കുന്നതോടെ വികാരിക്കും കന്യാസ്ത്രീക്കും ‘സിവില്‍ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോന്‍ നിയമം ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തേക്കാള്‍ പ്രാധാന്യമുള്ളതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: