നീലേശ്വരം: ക്ഷേത്രത്തിന് രാത്രി കാവലിരിക്കുമ്പോള്‍ അരങ്ങൊഴിയാത്ത ‘നൊമ്പരപ്പെടുത്തുന്ന കോമഡി ചിന്തകളായിരിക്കും’ ഗോപാലകൃഷ്ണന്റെ മനസില്‍. പന്ത്രണ്ടാം വയസില്‍ ബാലജനസഖ്യം ഏകാംഗങ്ങളിലൂടെ തുടക്കം. പിന്നീട് നവഭാരത ക്ലബ്ബിന്റെ നാടകങ്ങളിലെ സ്ഥിരം കൊമേഡിയന്‍ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും കോമഡിയായി നേരിടുന്നവനാണ് ഇദ്ദേഹമെന്നാണ് ജനസംസാരം. ക്ലബ്ബിന്റെ തീജ്വാല, ജ്വലനം, നിറങ്ങള്‍ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ അഭിനയമികവ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി.
നീലേശ്വരം ജനത കലാസമിതിയിലേക്കുള്ള ഗോപാലകൃഷ്ണന്റെ രംഗപ്രവേശത്തോടെ കലാരംഗം ജീവിതോപാധിയായി ഗോപാലകൃഷ്ണന് സ്വീകരിച്ചു. നാടകങ്ങള്‍ക്കും ഇന്ദ്രജാല പ്രകടനങ്ങള്‍ക്കും ത്രസിപ്പിക്കുന്ന സ്റ്റേജിന്റെ മികച്ച സെറ്റ് വര്‍ക്കറായി പ്രസിദ്ധനായി. ജനത കലാസമിതിയുടെ ഹരിശ്ചന്ദ്രന്, ഹരിവരാസനം, ധൂമിക, ചെങ്കടല്‍ തുടങ്ങിയ നാടകങ്ങളിലെ വിഭിന്നങ്ങളായ വേഷങ്ങള്‍. നടനെന്ന നിലയില്‍ തിളങ്ങിയതോടെ കേരളത്തിലെ മികച്ച പ്രൊഫഷണല്‍ നാടകട്രൂപ്പുകളില്‍ നിന്നും ക്ഷണം ലഭിച്ചു. കാഞ്ഞങ്ങാട് കാകളി തീയറ്റേര്സിന്റെ ശങ്കരാചാര്യര്‍, നാട്ടു പരദേവത, അസ്ഥിത്തറ, തുടങ്ങിയ നാടകങ്ങള്‍ കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു.
ചില നാടക സംവിധായകരുടെയും ആസ്വാദകരുടെയും ശ്രമഫലത്താല്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അവ ഒഴിവാക്കേണ്ടി വന്ന ജീവിതസാഹചര്യമായിരുന്നു ഗോപാലകൃഷ്ണന്റേത്. കൊവിഡ് വന്നതോടെ ജീവിതം വഴിമുട്ടി ഒപ്പം കലാജീവിതവും. ഒരു തിരിച്ചു പോക്കും തിരിച്ചു വരവും ഇനി സാധ്യമാകുമോ എന്നാണ് ഗോപാലക്യഷ്ണന് ചിന്തിക്കുന്നത്. തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ കാവല്‍ക്കാരനാണ് ഇപ്പോള്‍ ഗോപാലകൃഷ്ണന്. ഭാര്യ ശോഭന. മക്കള്‍ സുജിത്, സുനന്ദ. മരുമകന് പ്രയേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: