കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന് മൊയിന്‍ അലി. നാലുപതിറ്റാണ്ടായി ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ ഫിനാന്‍സ് മാനേജര്‍ സമീറിനെ ഉള്‍പ്പെടെ വച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും അലി വെളിപ്പെടുത്തി.
പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തങ്ങളുടെ മകന് ആരോപിച്ചു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി ശിഹാബ് തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വ്യക്തമാക്കി.
ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് ലീഗിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. തങ്ങളെ മുമ്പ് കേസില്‍ ഇഡി ചോദ്യം ചെയ്തതായുള്ള വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ് ആദ്യം എത്തിയത്. ശേഷം അവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പാണക്കാട് എത്തിയത്. ചോദ്യം ചെയ്യാന്‍ എത്താത്തതിന് ശരീരികാസ്വസ്ഥ്യം കാരണമായി പറഞ്ഞതിനാലാണ് ഇഡി വീട്ടില്‍ തന്നെ എത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ അഴിമിതി പണം അടക്കമുള്ള കള്ളപ്പണം ചന്ദ്രികയില്‍ നിക്ഷേപിച്ചുവെന്നാണ് കേസ്.
മുസ്ലീം ലീഗിന്റെ കീഴിലുള്ള അബ്ദുറഹാമാന് നഗര്‍ സഹകരണ ബാങ്കില്‍ 110 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിലും അന്വേഷണം നേരിടുകയാണ്. ഇതില്‍ 3.5 കോടിയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാസിഖ് പാണ്ടിക്കാടിന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഇവിടെ അക്കൗണ്ട് ഉള്ള 71 ആളുകളെ കണ്ടെത്താനായിട്ടില്ല. 3.5 കോടി ഇവരുടെ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ഈബാങ്കില്‍ 600 കോടിയോളം രൂപയുടെ കള്ളപ്പണം ഉണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: