പത്തനംതിട്ട: കേരളത്തിലെ എല്ലാനദികളുടെയും സംരക്ഷണത്തിനായി പൊതു അതോറിട്ടിക്ക് രൂപം നല്‍കുന്നതോടൊപ്പം പമ്പാനദിയുടെ സംരക്ഷണത്തിനും പ്രത്യേക നിയമനിര്‍മാണം തയാറാകുന്നു. വിപുലമായ അധികാരങ്ങളുള്ള നദീതട പരിപാല അതോറിട്ടി രൂപീകരിക്കുകയാണ് പ്രാഥമിക നടപടി.
കേരള പുനര്‍നിര്‍മാണ പദ്ധതി രണ്ടാംഘട്ടത്തിന് വായ്പ നല്കാന് ലോകബാങ്ക് മുന്നോട്ടുവച്ച നിബന്ധനകളില്‍ ഒന്നാണ് നദീതട പരിപാലന നിയമനിര്‍മാണം. 2022 ഓടെ നദീതട പരിപാലന അതോറിട്ടി പ്രവര്‍ത്തനം തുടങ്ങണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടം നേരിടുകയും നദീജലം ഏറെ ദൂരെവരെ എത്തുകയും ചെയ്തിരുന്നു. പമ്പാ നദീതടത്തില്‍ വെള്ളപ്പൊക്കം തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും കരാറില്‍ നിബന്ധനയുണ്ട്. ഇതിനായി പമ്പാനദി കടന്നുപോകുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല് നഗരസഭകള്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശമുണ്ട്.
ഗ്രാമപഞ്ചായത്തുകള്‍ സമഗ്ര കാലാവസ്ഥ വിവരവിനിമയ സംവിധാനം ഉള്‍പ്പെടെ നടപ്പാക്കണം. നദീ കൈയേറ്റം തടയുക, നദിയുടെ വീതിയും ആഴവും നിലനിര്‍ത്തുക, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ അവ തടയാന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ അധികാരങ്ങളോടെ അതോറിട്ടി രൂപീകരിക്കാനാണ് നിര്‍ദേശം. പമ്പാനദീതട അതോറിട്ടി രൂപീകരിക്കാന്‍ 2009ല്‍ കേരള സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ചെയ്തില്ല. എല്ലാനദികളെയും ഉള്‍ക്കൊള്ളിച്ച് പൊതു അതോറിട്ടി എന്ന നിര്‍ദേശം ഉയര്‍ന്നതോടെയാണിത്. വായ്പയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായി നടന്ന ചര്‍ച്ചയിലും ഈ ആവശ്യം ഉയര്‍ന്നുവന്നു. കേരള പുനര്‍നിര്‍മാണ പദ്ധതി രണ്ടാംഘട്ടത്തിനായി 930 കോടി രൂപ ലോകബാങ്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: