പത്തനംതിട്ട: കൊവിഡ്19 മഹാമാരിവിതച്ച ദുരിതങ്ങളില്‍ മുങ്ങിക്കിടക്കുന്ന ജനങ്ങളുടെ മേല്‍ കൊവിഡിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് പിരിവ് നടത്തുന്നത് വിവാദമാകുന്നു. സിപിഎം ഭരിക്കുന്ന റാന്നി-പെരുനാട് ഗ്രാമപഞ്ചായത്താണ് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനവുമായി രംഗത്ത് വന്നത്. ഒരു ദിവസം കൊണ്ട് ഒരു കോടിരൂപ ജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് നീക്കം. ജനങ്ങളില്‍ കെട്ടിയേല്‍പ്പിക്കുന്ന പിരിവിന് ന്യായീകരണം നല്കാന് ശബരിമല തീര്‍ത്ഥാടനത്തേയും കൂട്ടുപിടിക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നു. ഗ്രാമപഞ്ചായത്തിന്റെ പിരിവ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നെങ്കിലും അത് വകവെയ്ക്കാതെ നിര്‍ബ്ബന്ധിത പിരിവുമായി മുന്നോട്ടുപോകാനാണ് പഞ്ചായത്തുഭരണസമിതിയുടെ തീരുമാനം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കുമായി ഒരുകോടിയിലധികം രൂപ ചെലവഴിച്ചതിലൂടെ ബാധ്യത പഞ്ചായത്തിനുണ്ടെന്നും കൊവിഡ് കരുതല്‍ സഹായ പദ്ധതിയിലേക്ക് ഒരു കോടി രൂപ പത്തിനകം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റ ദിവസംകൊണ്ട് ഒരു കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ശുചിത്വ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ക്ലീന്‍ പെരുനാട് പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ ഗുരു (ഹൈടെക് ടീച്ചര്‍ ) പദ്ധതിയും നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. പദ്ധതിക്കുള്ള പണം പഞ്ചായത്തിലെ 165 അയല്‍സഭകള്‍ വഴിയാണ് ശേഖരിക്കുന്നത്.
ഏഴ്, എട്ട് തീയതികളില്‍ ഓരോ ഭവനത്തില്‍ നിന്നും ഒരു ദിവസത്തെ വേതനം സംഭാവനയായി ശേഖരിക്കും. പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളും അംഗീകരിച്ചുകൊണ്ട് പഞ്ചായത്തുകളുടെ കണ്‍സോര്‍ഷ്യത്തിന് പെരുനാട് പഞ്ചായത്ത് നേതൃത്വം നല്‍കുമെന്നും ഇത്തരമൊരു സമിതി വഴിയാണ് ധനസമാഹരണമെന്നും പ്രസിഡന്റ് പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിലേക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനനാണ് ചെയര്മാന്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും പെരുനാട് സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമാണ്. നിലവില്‍ 240 കിടക്കകള്‍ ഉള്ള റാന്നി പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ ഇതിനോടകം ഒരു കോടിയിലധികം രൂപ ചെലവഴിച്ചു. ഭക്ഷണത്തിന്റെ ബാധ്യതയായി 25 ലക്ഷം രൂപ ഇനി നല്‍കാനുണ്ട്.
ശബരിമല തീര്‍ഥാടനകാലം സമാഗതമാകുന്നതോടെ തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യമായി വരും. കൊവിഡിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും ശബരിമലയെ സംരക്ഷിക്കേണ്ടതുണ്ട്. സുതാര്യമായ പ്രവര്‍ത്തനമാകും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുക. പണം നല്‍കുന്നവര്‍ക്ക് രസീത് നല്‍കുന്നതിനൊപ്പം സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഫോറം പൂരിപ്പിച്ചു വാങ്ങി രജിസ്റ്ററില്‍ വിവരങ്ങള്‍ ചേര്‍ക്കും. സെന്‍ട്രല്‍ ബാങ്ക് പെരുനാട് ശാഖയില്‍ പ്രത്യേക അക്കൗണ്ട് ഇതിനായി തുറന്നിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: