മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച ഭാരത-യുഎസ് ആണവ സഹകരണ കരാര്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മിനെയും സിപിഐയെയും ഉപയോഗിച്ച് ചൈന അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ ഈ പാര്‍ട്ടികളുടെ സ്വഭാവവും ചരിത്രവും അറിയാത്തവരെ മാത്രമേ അത്ഭുതപ്പെടുത്തുകയുള്ളൂ. ആണവകരാറിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ നോക്കിയെന്നും, ഇടതുപാര്‍ട്ടികളെയും ഇടതുചായ്വുള്ള മാധ്യമങ്ങളെയും ഇതിനായി ചൈന ഉപയോഗിച്ചുവെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് സിപിഎം-സിപിഐ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കും ചികിത്സയ്ക്കുമായി ചൈനയ്ക്കു പോയത് ഇതിനായിരുന്നുവെന്ന് ‘ലോങ് ഗെയിം: ഹൗ ദ ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുതിയ പുസ്തകത്തില്‍ ഗോഖലെ വെളിപ്പെടുത്തുന്നു. ഒന്നാം മന്മോഹന് സിങ് സര്‍ക്കാരിലുള്ള ഇടതുപാര്‍ട്ടികളുടെ സ്വാധീനം മനസ്സിലാക്കിയാണ് തിരശ്ശീലയ്ക്കു വെളിയില്‍ വരാതെ ചൈന കളിച്ചതെന്നും ഗോഖലെ പറയുന്നു. ഈ സര്‍ക്കാരിനെ നാല് ഇടതുപാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണക്കുകയായിരുന്നു. പ്രകാശ് കാരാട്ട് ആയിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. വിദേശകാര്യമന്ത്രാലയത്തില്‍ കിഴക്കനേഷ്യയുടെ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരുന്നപ്പോഴത്തെ നയതന്ത്ര രഹസ്യങ്ങളാണ് ഗോഖലെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചുമതലയിലുള്ള ഒരാള്‍ക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളായതിനാല്‍ അവിശ്വസിക്കേണ്ടതില്ല.
യഥാര്‍ത്ഥത്തില്‍ വിജയ് ഗോഖലെ പറയുന്നതിനുമപ്പുറത്താണ് അന്നത്തെ കാര്യങ്ങള്‍. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ചിരുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ഒത്തുചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇടതുപാര്‍ട്ടികള്‍ മാത്രമല്ല കോണ്‍ഗ്രസ്സും ചൈനയുടെ താളത്തിന് തുള്ളുകയായിരുന്നു. സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ് ഭരണത്തെ നിയന്ത്രിച്ച സോണിയയും മകന് രാഹുലും ചൈനയുടെ കളിപ്പാവകളായി മാറി. ബീജിങ് ഒളിമ്പിക്സില്‍ പ്രധാനമന്ത്രിയായ മന്മോഹന് സിങ്ങിനെ തഴഞ്ഞ് സോണിയയെ ക്ഷണിച്ചത് വലിയ വിവാദങ്ങളുണ്ടാക്കിയല്ലോ. അമേരിക്കന്‍ പക്ഷപാതിയായി അറിയപ്പെട്ടിരുന്ന മന്മോഹന് സിങ് ചൈനയുടെ ഗുഡ്ബുക്കിലില്ലായിരുന്നുവെന്നു മാത്രം. ചൈനയുടെ അഭീഷ്ടമനുസരിച്ചാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭാഗമായതെന്നു വ്യക്തമായിരുന്നു. പല പ്രശ്നങ്ങളിലും ചൈനയുടെ ട്രോജന്‍ കുതിരകളെപ്പോലെയാണ് ഇടതുനേതാക്കള്‍ പെരുമാറിയിരുന്നത്. ചൈനയെ ഒന്നാം നമ്പര്‍ ശത്രുവായി പ്രഖ്യാപിച്ച തൊട്ടു മുന്‍പത്തെ വാജ്പേയി സര്‍ക്കാരിന്റെ നയം ഉപേക്ഷിച്ച് യുപിഎ സര്‍ക്കാര്‍ ബീജിങ്ങിന് അനിഷ്ടമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്തില്ല. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തുന്ന കടന്നാക്രമണങ്ങളെ കയ്യുംകെട്ടി നോക്കിനില്ക്കുന്ന നയമാണ് മന്മോഹന് സിങ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ അത് ചൈന നമുക്കെതിരെ ഉപയോഗിക്കുമെന്ന പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവന ആരും മറന്നിട്ടുണ്ടാവില്ല.
ചൈനയുടെ പിണിയാളുകളായി പ്രവര്‍ത്തിച്ചു എന്ന വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലിനെ സിപിഎമ്മും സിപിഐയും ഒരേപോലെ നിഷേധിക്കുകയാണ്. ആണവ കരാറിനെ തങ്ങള്‍ എതിര്‍ത്തത് അമേരിക്കന്‍ ചായ്വുള്ളതുകൊണ്ടായിരുന്നുവത്രേ. ഇതായിരുന്നു ചൈനയുടെയും നയമെന്ന കാര്യം ഈ പാര്‍ട്ടികള്‍ സൗകര്യപൂര്‍വം മറക്കുന്നു. സ്വന്തം പിതൃഭൂമികളായി കരുതപ്പെട്ട സോവിയറ്റ് യൂണിയനോടും ചൈനയോടുമുള്ള ഇടതുപാര്‍ട്ടികളുടെ ആഭിമുഖ്യം ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവിടങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കാന്‍ അവര്‍ ഒരിക്കലും മറന്നിട്ടില്ല. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ അവരുടേതെന്നും നമ്മള് നമ്മുടേതെന്നും പറയുന്ന പ്രദേശത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന ദേശവിരുദ്ധ പ്രസ്താവനയാണല്ലോ പാര്‍ട്ടി നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തിയത്. അതിര്‍ത്തി കടന്നുവരുന്ന ചൈനീസ് സൈന്യത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ പാര്‍ട്ടിയില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുക വരെ ചെയ്തു. ഈ സാഹചര്യത്തിലാണ് എകെജി ഉള്‍പ്പെടെയുള്ള നേതാക്കളെ നെഹ്റു സര്‍ക്കാര്‍ ജയിലിലടച്ചത്. അന്നും പില്ക്കാലത്തും ജന്മനാടിനെ ഒറ്റുകൊടുക്കുന്ന നയം ഇക്കൂട്ടര്‍ മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണ് വിജയ് ഗോഖലെയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ വന്‍ശക്തിയാകുന്നതിനെ ഏതു വിധേനയും ചെറുക്കാന്‍ ചൈനീസ് ഭരണകൂടം ശ്രമിക്കുമ്പോള്‍ ഇടതുപാര്‍ട്ടികളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കപ്പെടേണ്ടത് രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: