തൃശൂര്‍: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പൂര്‍ണമായും എന്‍ഐഎക്ക് കൈമാറും. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ടാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചത് എന്നാണ് മിലിട്ടറി ഇന്റലിജന്‍സ് പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യം.
നേരത്തെ കശ്മീരിലും മറ്റും കണ്ടെത്തിയതിന് സമാനമായ എക്‌സ്‌ചേഞ്ചാണ് കോഴിക്കോടും തൃശൂരും കഴിഞ്ഞദിവസം കണ്ടെത്തിയത്. ഐഎസ്‌ഐ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇവിടെ നിന്ന് പിടികൂടിയത്. കശ്മീരില്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ പ്രവര്‍ത്തനം കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് വിലയിരുത്തല്‍. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന മിലിട്ടറി ക്യാമ്പുകളിലേക്ക് വിളിച്ച് രഹസ്യങ്ങള്‍ ശേഖരിക്കുക എന്ന ദൗത്യമാണ് ഐഎസ്‌ഐക്ക് വേണ്ടി ഇവര്‍ ചെയ്തിരുന്നത്.
തൃശൂരില്‍ നിന്ന് പിടിയിലായ കാടാമ്പുഴ സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമാണ് ഇതിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 2007 ല്‍ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിയാണ് ഇബ്രാഹിം. ഇയാള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയതായും വിവരമുണ്ട്. ബംഗളുരുവിലും ഇയാള്‍ സമാന്തര എക്‌സ്‌ചേഞ്ച് സംവിധാനമെരുക്കിയിരുന്നു. ഇവിടെ നിന്ന് വടക്കുകിഴക്കേ ഇന്ത്യയിലെ സൈനിക ക്യാമ്പുകളിലേക്ക് വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മിലിട്ടറി ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചതും കേരള പോലീസിന് വിവരങ്ങള്‍ കൈമാറിയതും. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐഎസ്‌ഐയുടെ പക്കല്‍ നിന്നും ഇതിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണവും കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: