കൊട്ടാരക്കര: കേരളത്തിലെ മികച്ച തപാല്‍ ജീവനക്കാരിക്കുള്ള ടാക് സേവാ പുരസ്കാരം കൊട്ടാരക്കര നീലേശ്വരം പോസ്റ്റ് മാസ്റ്റര്‍ സിന്ധുവിന്. എഴുകോണ്‍ ആലുവിള വീട്ടില്‍ സിന്ധു തപാല്‍ സേവന ജീവിതം തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിടുന്നു. വാഹന സൗകര്യമില്ലെന്ന കാരണത്താല്‍ ഒരിക്കല്‍ മാറ്റാന്‍ ശ്രമിച്ച നീലേശ്വരം തപാലോഫീസിനെ മികച്ചതാക്കി മാറ്റിയതിന് പിന്നില്‍ സിന്ധുവിന്റെ കഠിന പ്രയത്നമാണ്. 2014ലാണ് പോസ്റ്റ് മാസ്റ്ററായി സിന്ധു എത്തിയത്.
കൊല്ലം ജില്ലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ തപാല്‍ വാര്‍ഡാക്കി നീലേശ്വരത്തെ മാറ്റിയതും ഈ നിശ്ചയദാര്‍ഢ്യമാണ്. 2019ല്‍ ദക്ഷിണ മേഖല റീജണല്‍ എക്സലെന്‍സ് അവാര്‍ഡ് നീലേശ്വരം തപാലോഫീസിനെ തേടിയെത്തി. 980 സേവിങ് അക്കൗണ്ടുകള്‍, 252 സുകന്യ സമൃദ്ധി യോജന, 700 ഇന്ത്യ പോസ്റ്റ് പെയ്മെന്റ് അക്കൗണ്ടുകള്‍, 752 പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, 252 ഗ്രാമീണ്‍ ടാക് ജീവന് ബീമാ പോളിസി എന്നിവയിലൂടെ മികവുറ്റ സേവനമാണ് സിന്ധു നാടിന് നല്‍കിയത്.
2020ലെ മഹാലോഗിന്‍ ദിവസത്തില്‍ 104 ഇന്ത്യ പോസ്റ്റ് പെയ്മെന്റ് അക്കൗണ്ടുകള്‍ ചേര്‍ത്തുകൊണ്ട് ബാഹുബലി പുരസ്കാരവും നീലേശ്വരത്തെ തേടിയെത്തി. 2019ല്‍ മേരാ അഭിമാന് സാക്ഷം ഗ്രാമമായും, പൂര്‍ണ സുകന്യ സമൃദ്ധി ഗ്രാമമായും ഈ പോസ്റ്റോഫീസ് മാറി. ഭര്‍ത്താവ് അജന്തകുമാറും മക്കളായ അഞ്ജിത, അഞ്ജിത്ത് എന്നിവരും സിന്ധുവിന് കരുത്തായി കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: