ന്യൂദല്‍ഹി : ആറ് വര്‍ഷം മുമ്പ് എടുത്ത് കളഞ്ഞ ഐടി നിയമപ്രകാരം ഇപ്പോഴും കേസ് എടുക്കുന്നതില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി. ഐടി നിയമത്തിലെ 66എ വകുപ്പ് എടുത്തു കളഞ്ഞിട്ടും ഇപ്പോഴും ഈ നിയമപ്രകാരം കേസെടുക്കുന്നതിലാണ് സുപ്രീംകോടതി അമര്‍ഷം അറിയിച്ചത്.
കാര്യങ്ങള്‍ ഈ നിലയില്‍ പോകാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നാലാഴ്ചയ്ക്കണം മറുപടി നല്‍കാനും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നല്കിയ നോട്ടീസില്‍ റോഹിങ്ടണും, നരിമാനും, ബി.ആര് ഗാവലും അടങ്ങിയ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ 66എ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ഇടപെട്ടിരിക്കുന്നത്.
ഇനിയും 66എ പ്രകാരം കേസ് എടുക്കരുതെന്നും എഫ്ഐആര്‍ സമര്‍പ്പിക്കരുതെന്നും പോലീസ് സ്റ്റേഷനുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ ആയ പിയുസിഎല്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഈ വിമര്‍ശനം. സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി, കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നതാണ് 66എ വകുപ്പ്. ഈ വകുപ്പ് പ്രകാരം കേസ് എടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നതാണ്.
നിലവില്‍ കേസില്‍ സംസ്ഥാനങ്ങളെ നേരിട്ട് കക്ഷിയാക്കി മുന്നോട്ടുപോകാനാണ് കോടതിയുടെ ഇപ്പോഴത്തെ തീരുമാനം. 66എ വകുപ്പിനെ കുറിച്ച് പുതിയ ഒരു ഉത്തരവ് കൂടി ഇറക്കേണ്ടിവരും എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് പോലീസിനെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ കൂടിയായിരിക്കും എന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: