പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ വർദ്ധിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി അനുകൂലിച്ചാല്‍ ചിങ്ങമാസം മുതല്‍ വര്‍ദ്ധന നിലവില്‍ വരും.
നിരക്കുകൾ അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. കൊവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതെ ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ബോര്‍ഡ്. ജീവനക്കാരുടെ ശമ്പളത്തിനും മറ്റും പണം കണ്ടെത്താനാവുന്നില്ല. സര്‍ക്കാര്‍ പലപ്പോഴായി നൂറ് കോടി നല്കി. ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഭക്തരെത്തിയാലേ പ്രതിസന്ധി മറികടക്കാനാകൂ.
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ശബരിമല ഉള്‍പ്പെടെ 74 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടുകളാണ് നടക്കുന്നത്. വഴിപാടിനത്തില്‍ ശബരിമലയില്‍ നിന്നാണ് കുറച്ചെങ്കിലും വരുമാനം ലഭിക്കുന്നത്.
അതേസമയം, അഞ്ച് വര്‍ഷം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക നിരക്ക് വര്‍ദ്ധനയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ചോദിച്ചിരിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. അപ്പം ഒരു പാക്കറ്റിന് 35 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 50 രൂപയാകും. 80 രൂപയുടെ അരവണ വില 100 രൂപയാകും. ശബരിമലയില്‍ ഇത്തവണത്തെ നിറപുത്തരിക്ക് നെല്ക്കതിര് സന്നിധാനത്തിന് സമീപം വിളിയിച്ചത് ഉപയോഗിക്കും. 16നാണ് നിറപുത്തരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: