ഔദ്യോഗിക തലത്തിലെ സ്വാഭാവിക സ്ഥലംമാറ്റത്തിന്റെ ഭാഗമായി കൊച്ചിയില്‍നിന്ന് മഹാരാഷ്ട്രയിലെ ഭീവണ്ടി ജിഎസ്ടി കമ്മീഷണറായിപ്പോകുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കാപട്യം തുറന്നുകാണിച്ചിരിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടില്‍ നില്ക്കുന്ന സ്വര്‍ണ-ഡോളര്‍ കടത്തു കേസുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലുണ്ടായിയെന്നാണ് സുമിത് കുമാര്‍ പറഞ്ഞിരിക്കുന്നത്. ഒരു സര്ക്കാരുദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മാന്യതയും അച്ചടക്കവും പാലിക്കേണ്ടതുള്ളതിനാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് എടുത്തു പറഞ്ഞില്ലെങ്കിലും സിപിഎമ്മാണ് ഈ പാര്‍ട്ടിയെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാവും. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും കഴിഞ്ഞ പിണറായി സര്‍ക്കാരിലെ സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ കസ്റ്റംസ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തുകയുണ്ടായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭീഷണി വിലപ്പോവില്ലെന്നാണ് അന്ന് സുമിത് കുമാര്‍ പ്രതികരിച്ചത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന വെളിപ്പെടുത്തലിന്റെ ഗൗരവം തിരിച്ചറിയേണ്ടത്.
തന്റെ മേലുദ്യോഗസ്ഥന് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും, അത് കേന്ദ്ര ധനമന്ത്രിയാണെന്നും പ്രസ്താവിച്ചതിലൂടെ സ്വര്‍ണ-ഡോളര്‍ കടത്തുകേസിലെ ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് വ്യക്തമായ സൂചനയാണ് കസ്റ്റംസ് കമ്മീഷണര്‍ നല്‍കുന്നത്. ഡോളര്‍ കടത്തുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഡോളര്‍ കടത്തിയ ചിലരുമായി മുന്‍ മന്ത്രി കെ.ടി.ജലീലിന് ബന്ധമുണ്ടെന്ന് പറയാനും കമ്മീഷണര്‍ മടിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ചിലരെ പിടികൂടാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നടന്നുവരികയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പുറമെ കമ്മീഷണറെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും ശ്രമിച്ചതിനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്നും സുമിത് കുമാര്‍ വിമര്‍ശിച്ചിരിക്കുന്നു. കസ്റ്റംസിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമുള്ള ജുഡീഷ്യല്‍ കമ്മീഷന് അസംബന്ധമാണെന്നു പരിഹസിക്കാനും, താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നതെന്നും, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനും കമ്മീഷണര്‍ മറന്നില്ല. സ്ഥലംമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വസിക്കാന്‍ വകയില്ലെന്ന് ചുരുക്കം. സ്വര്‍ണ കള്ളക്കടത്തു കേസിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചശേഷമാണ് സ്ഥലമാറ്റമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സ്വര്‍ണ കള്ളക്കടത്തു കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പറച്ചിലും ചെയ്തികളും ശുദ്ധ കാപട്യമാണെന്നാണ് കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാക്കാനാവുന്നത്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്നൊക്കെയായിരുന്നുവല്ലോ മുഖ്യമന്ത്രിയുടെ നിര്‍ത്താതെയുള്ള ചാരിത്ര്യപ്രസംഗം. സത്യാവസ്ഥ ഇതായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത്? അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും ശ്രമം നടന്നത്? ഇതൊക്കെ വെറും ആരോപണം മാത്രമായിരുന്നെങ്കില്‍ കേസെടുത്ത് അന്വേഷിച്ച് വാസ്തവം തെളിയിക്കാമായിരുന്നില്ലേ? ഇതിനൊന്നും നില്‍ക്കാതെ ഒരു മാഫിയ സംഘത്തെപ്പോലെ കുറ്റകൃത്യങ്ങള്‍ക്ക് മറയിടാന്‍ അധികാരം ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിജിലന്‍സിനെയും ക്രൈംബ്രാഞ്ചിനെയുമൊക്കെ രംഗത്തിറക്കിയത് ഇതിന്റെ ഭാഗമായിരുന്നു. കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കേണ്ടത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. പിണറായി അത് ചെയ്യുമെന്ന് കരുതാനാവില്ല. ഉദ്യോഗസ്ഥര്‍ പലതും പറയുമെന്നും, അതിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നുമുള്ള ഒരു പ്രതികരണത്തിന് സാധ്യതയുണ്ട്. ഒരു പാര്‍ട്ടിയുടെയും പേരു പറഞ്ഞിട്ടില്ലല്ലോ എന്ന വാദവും ഉന്നയിച്ചേക്കാം. പ്രതികരിച്ചാലും ഇല്ലെങ്കിലും കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്നു തന്നെയാണ് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: