കൊല്ലം: അക്ഷര സ്നേഹികള്‍ക്ക് ആശ്വാസമേകി കൊല്ലം പബ്ലിക്ക് ലൈബ്രറി നാളെ രാവിലെ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരുന്നു.
കൃത്യമായി പരിപാലിക്കാദി കിടന്നതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ നശിച്ചിരുന്നു. ഇതെല്ലം വീണ്ടെടുത്ത് മെച്ചപ്പെട്ട രീതിയിലാണ് ഇനി പുസ്തകങ്ങള്‍ ലഭ്യമാവുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് ഇവിടെ. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ലൈബ്രറി.
അരലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ അംഗത്വമുള്ളത്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മുന്നൊരുക്കം പൂര്‍ത്തിയായതായി ജീവനക്കാര്‍ അറിയിച്ചു. ഒന്നും രണ്ടും നിലകളിലെ പുസ്തകങ്ങള്‍ വൃത്തിയാക്കി, ക്രമത്തില്‍ എടുക്കത്തക്കവിധമാണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം 4 ലക്ഷം രൂപ മുഖവിലയുള്ള ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണ് ന്യൂ അറൈവല്‍സ് ഭാഗത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കാള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും റീഡിംഗ് റൂം ഉപയോഗിക്കാന്‍ കഴിയും വിധം ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: