തിരുവനന്തപുരം: പരാജയപ്പെട്ട പ്ലാസിയുദ്ധമല്ല വിജയിച്ച കുളച്ചല്‍ യുദ്ധമാണ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാകേണ്ടതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെ ഏതെങ്കിലുമൊരു ഏഷ്യന്‍ രാജ്യം നേടിയ ആദ്യ യുദ്ധ വിജയമാണ് തിരുവിതാംകൂറിന്റേത്. 1741 ല്‍ ഡച്ച് സൈന്യത്തിനെതിരെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ നേടിയ ചരിത്ര വിജയം തമസ്കരിക്കാനാണ് ചില ചരിത്രകാരന്മാര് ശ്രമിക്കുന്നത്. പരാജയത്തിന്റെ ചരിത്രം മാത്രം വരും തലമുറ പഠിച്ചാല്‍ മതിയെന്ന ചിലരുടെ അജണ്ടയാണ് ഇതിന്റെ പിന്നിലെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച കുളച്ചല്‍ യുദ്ധവിജയ ദിനാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനീവാ കണ്വെന്ഷന് നിലവില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ യുദ്ധതടവുകാരോട് മാന്യമായി പെരുമാറിയ ചരിത്രമാണ് തിരുവിതാംകൂറിന്റേതെന്ന് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ആദിത്യവര്‍മ്മ പറഞ്ഞു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് രഞ്ജിത് കാര്ത്തികേയന് അദ്ധ്യക്ഷനായിരുന്നു. കുളച്ചല്‍ വിജയത്തിന്റെ ചരിത്രം ഭാവി തലമുറയെ പഠിപ്പിക്കാന്‍ തിരുവനന്തപുരം കേന്ദ്രമാക്കി പഠനകേന്ദ്രം സ്ഥാപിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ച് മുന്‍കൈ എടുക്കുമെന്ന് രഞ്ജിത് കാര്ത്തികേയന് പറഞ്ഞു. ആര്.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, സജീവ് നായര്‍, അഡ്വ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: