പ്രപഞ്ചം അങ്ങനെ ഉണ്ടായതാണെന്നാണ് പറയാറ്. എങ്ങനെയെന്ന ചോദ്യത്തിന് താത്വികവും ആധ്യാത്മികവും ആയ വിശദീകരണങ്ങള്‍ ഒരുപാട്. ബിഗ്ബാങ്ങിനു (മഹാവിസ്ഫോടനം) ശേഷം എന്ന് ശാസ്ത്രവും പറയുന്നു.
എന്തായാലും നേരെചൊവ്വെ ഇതൊന്നും അത്ര പൊടുന്നനെ പിടി കിട്ടുന്നില്ല. പ്രപഞ്ചം അവിടെ നില്ക്കട്ടെ, നമുക്ക് ദൈവത്തിന്റെ കഥയെടുക്കാം. എന്ന് എപ്പോള്‍ ദൈവമുണ്ടായി എന്നു ചോദിച്ചാലും ഇതു തന്നെയല്ലേ അവസ്ഥ. എന്നാല്‍ നമുക്ക് ഇപ്പോള്‍ സജീവമായി ദൈവത്തെ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. എന്നു വെച്ചാല്‍ വിവേകാനന്ദന് പോലും കിട്ടാത്ത അവസരം. അതിന് സാഹചര്യമൊരുക്കിയ മാര്‍ക്സിന്റെ അനുയായികള്‍ തീര്‍ച്ചയായും ഒരു ദീര്‍ഘനമസ്കാരം അര്‍ഹിക്കുന്നു.
ദൈവത്തെ കാണിച്ചു തരാമോ എന്നാണല്ലോ കണ്ടപാടെ ശ്രീരാമകൃഷ്ണ പരമഹംസരോട് വിവേകാനന്ദന് (അന്ന് നരേന്ദ്രന്) ചോദിച്ചത്. തികഞ്ഞ യുക്തിവാദിയും ഈശ്വര നിഷേധിയും ആയ നരേന്ദ്രന്റെ കണ്ണില്‍ ആത്മാര്‍ഥതയുടെ അഗ്നിസ്ഫുലിംഗം കണ്ട ശ്രീരാമകൃഷ്ണന് ‘സംശയമെന്ത്’ എന്ന് പറയുകയും ദൈവത്തെ കാണിച്ചു കൊടുക്കുകയും ചെയ്തു.
എന്നാല്‍, വിവേകാനന്ദന് ഏതു ദൈവത്തെയാണ് കണ്ടതെന്ന് പറഞ്ഞിട്ടില്ല. ശ്രീരാമകൃഷ്ണനെന്ന ഗുരുവും വെളിപ്പെടുത്തിയിട്ടില്ല. കാളിഘട്ടിലെ ദേവിയെയാവാം നരേന്ദ്രന് കണ്ടതെന്ന സംശയം പലര്‍ക്കുമുണ്ട്. ഏതായാലും ദൈവത്തെ ഹൃദയത്തില്‍ ആവാഹിച്ച നരേന്ദ്രന് ലോകത്തിന്റെ വെളിച്ചമായ വിവേകാനന്ദനായത് ചരിത്രം. ഇന്നും ജനകോടികള്‍ ആ ഭാരതപുത്രന്റെ പേരില്‍ അഭിമാനം കൊള്ളുന്നു. ഓരോ വര്‍ഷം കഴിയുമ്പോഴും ആ വിശ്വാസത്തിന് ദാര്‍ഢ്യമേറുകയല്ലാതെ കുറയുന്നില്ല.
എന്നാല്‍ സാധാരണക്കാരായ ഭക്തന്മാര് മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും ദൈവത്തെ കണ്ടുകിട്ടിയിട്ടില്ല എന്നതത്രേ വസ്തുത. അങ്ങനെ കാണിച്ചു കൊടുക്കാന്‍ പാകത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസരെ പോലുള്ള ധന്യജന്മങ്ങളുമില്ല എന്നത് വേറെ കാര്യം. അനുഭവതീക്ഷ്ണവും കൃതാര്‍ത്ഥാഭരിതവുമായ സാഹചര്യങ്ങളും മറ്റും ഭക്തന്മാര്ക്ക് ഉണ്ടായിട്ടുണ്ടാവാം. സ്വപ്നത്തില്‍ ഒരു പക്ഷേ, ദൈവസാന്നിധ്യം അനുഭവിച്ചു എന്നും വരാം. എന്നാല്‍ കാണാനായിട്ടില്ല എന്ന സത്യം പകല്‍ പോലെ വ്യക്തം.
ഈ അവസരത്തിലാണ് ദൈവത്തെ ‘വെരിസിമ്പ്ള്‍ ‘ ആയി നമുക്കു മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിന്റെ ധന്യതയില്‍ എത്തിയവര്‍ എത്ര ഭാഗ്യവാന്മാരായിരിക്കും. ദൈവത്തിന്റെ നാടെന്ന ഖ്യാതിയ്ക്ക് ശരിക്കും അര്‍ഹത നേടിയിരിക്കുകയാണ് കേരളം. ഇതുവരെ കാണാന്‍ കഴിയാത്ത ദൈവത്തെ നമുക്കു മുമ്പില്‍ പ്രത്യക്ഷമാക്കിയവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവുമോ? അവരെ എന്തു നല്‍കിയാണ് ആദരിക്കുക ?
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത പച്ചീരി മഹാവിഷ്ണു ക്ഷേത്രാങ്കണത്തിലാണ് ദൈവം ഫഌക്സ്ബോര്‍ഡ് മാധ്യമമാക്കി അവതീര്‍ണനായത്. ഇതുവരെ മഹാവിഷ്ണുവിന് പല പല വഴിപാടു കഴിച്ചിട്ടും പൂജ ചെയ്തിട്ടും ലഭിക്കാത്ത മഹിതാവസരം ഇതൊന്നുമില്ലാതെ കിട്ടുമ്പോള്‍ മറ്റെന്ത് വേണം?
‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവന് എന്ന് ജനം പറഞ്ഞു’ എന്ന് ആലേഖനം ചെയ്തതിന്റെ മുകളില്‍ അഭിവാദ്യം ചെയ്യുന്ന രീതിയിലാണ് മുഖ്യമന്ത്രിയായ ദൈവത്തിന്റെ നില്പ്. ഇങ്ങനെയൊരു ദൈവം ജീവനോടെ നമുക്കിടയില്‍ ഇടപഴകുമ്പോള്‍ കാണാത്ത, അറിയാത്ത ദൈവത്തിന് ആവുന്നതെല്ലാം നല്കിയ ഭക്തന്മാര് മണ്ടന്മാരല്ലേ? ആ മണ്ടത്തത്തെ എത്ര ശാസ്ത്രീയമായാണ് വിപ്ലവ മഹിതാശയന്മാര് വെളിപ്പെടുത്തിത്തന്നത്. പണ്ട് ‘നായ പാത്തിയ കല്ലിന്മേല് ചന്ദനം പൂശിയ കേളപ്പാ’ എന്നൊരു മുദ്രാവാക്യം മുഴങ്ങിയ അങ്ങാടിപ്പുറത്തു നിന്ന് കഷ്ടി പന്ത്രണ്ടു കിലോമീറ്ററേ പരാമര്‍ശിത ക്ഷേത്രത്തിലേക്കു ദൂരമുള്ളൂ എന്ന കാര്യം ഓര്‍ക്കണം. അതുകൊണ്ടു തന്നെ ഫഌക്സേശ്വരന്‍ നല്കുന്ന സന്ദേശം തല്പര കക്ഷികളെ എത്രമാത്രം ആവേശതുന്ദിലരാക്കിയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇവിടെയൊരു ഫഌഷ്ബാക്ക് : ഓര്‍മയില്ലേ ശൈലജ സഖാവ് മാസങ്ങള്‍ക്കു മുമ്പ് ശിവക്ഷേത്രത്തില്‍ പോകുന്നതിനെതിരെ ചിലത് ഉരിയാടിയത്. പുതിയ ഫഌക്സേശ്വരപ്പിറവിയുടെ സൂചനയായിരിക്കാം അത്. അന്നം തന്നവനെ ദൈവമാക്കി ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ പൂര്‍ണകായ ഫഌക്സ് വെച്ചവരോട് വിവരമില്ലാത്ത ആളുകള്‍ക്ക് ചില ചോദ്യങ്ങളുന്നയിക്കാം. ക്ഷേത്രത്തില്‍ മാത്രമാണോ ഇങ്ങനെയൊരു പ്രശ്നം ? കണ്ടമൊരുക്കി ഞാറു പെയ്ത് നെല്ല് വിളയിച്ച് അന്നം തരുന്ന ടിയാന്മാര് ഈ വകുപ്പില്‍ പെടില്ലേ? പുതിയ ദൈവത്തിന് പൂജാദി ചിട്ടവട്ടങ്ങള്‍ എന്തൊക്കെ? ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ മുസ്ലിം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്നു മുദ്രാവാക്യം മുഴക്കിയവര്‍ ഇപ്പറഞ്ഞവരുടെ ആരാധനാലയ അങ്കണങ്ങളിലും മേപ്പടി രാഷ്ട്രീയ ദൈവത്തിന്റെ ഫഌക്സ് വെക്കുമോ? അതല്ല, വൈരുധ്യാത്മക ഭൗതികവാദത്തിന്റെ നിയോ ലിബറല്‍ മുഖമായാണോ ഇതിനെ കാണേണ്ടത്? ‘ചോദ്യങ്ങളില്ലായിരുന്നെങ്കിലില്ലുത്തരങ്ങളും’ എന്ന കവി വാക്യമുള്ളതിനാല്‍ ചോദിച്ചു കൊണ്ടേയിരിക്കാം. അഞ്ചുവര്‍ഷം കഴിയാന്‍ അല്പം സമയം ബാക്കിയുള്ളപ്പോള്‍ ഒരുപക്ഷേ, ഉത്തരം കിട്ടിയേക്കാം.
പുതിയ ദൈവത്തിനായി ഇനി പൂജാവിധികളും ചിട്ടവട്ടങ്ങളും താമസംവിനാ ഒരുക്കിയെടുക്കുമല്ലോ. അപ്പോള്‍ യുവജനങ്ങളുടെ ജോലിക്കാര്യത്തില്‍ ശുഭകരമായ പലതും പ്രതീക്ഷിക്കാം. ആത്മീയ സഹകരണ പ്രസ്ഥാനത്തിനും വന്‍ സാധ്യതയാണ്. ദൈവത്തിന്റെ പേരിലാവുമ്പോള്‍ പിന്നെ ചോദ്യങ്ങളൊന്നും ഉണ്ടാവില്ല. കോടിയും കോടിമുണ്ടും സമൃദ്ധമായുണ്ടാവും.
എന്തായാലും നമുക്ക് ഒരു സംസ്ഥാന ദൈവത്തെ കിട്ടിയല്ലോ. അങ്ങനെ നാട് ശരിക്കും ദൈവത്തിന്റെ നാടായി. നിലവിലുള്ള ആലയങ്ങളൊക്കെ ഇനി അങ്ങനെതന്നെ നിര്‍ത്തണോ അതോ പുതിയ പൂജാക്രമങ്ങള്‍ക്കുള്ള അന്തരീക്ഷത്തിന് അനുസരിച്ച് മാറ്റണോ എന്നേ നോക്കാനുള്ളൂ.എന്തായാലും പുതിയ ദൈവത്തിന് നരബലി ഉള്‍പ്പെടെ വേണ്ടിവരുമോ എന്നൊരു സംശയമുണ്ട്.
അക്കാര്യത്തിന് പിബി യോഗം ചേരുമ്പോള്‍ കാര്യങ്ങള്‍ മണി മണിയായി വിശദീകരിക്കാന്‍ സുധാകര കവിയെ പ്രത്യേക ക്ഷണിതാവായി വിളിക്കുമോ ആവോ? തന്ത്രിമാരെയും ശാന്തിക്കാരെയും നിതാന്ത നിരീക്ഷണം നടത്തുന്ന അദ്യം അകത്തോ പുറത്തോ എന്ന പ്രശ്നമുണ്ട്. ഏതായാലും പുതിയ ദൈവത്തിന് ഒരു കൂട്ടുപായസം തന്നെയാവട്ടെ ആദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: