തിരുവനന്തപുരം: എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട മാനസയും കൊലപാതകിയും ആത്മഹത്യ ചെയ്ത യുവാവുമായ രാഖിലും. കുറച്ചു നാള് ഇവര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സോഷ്യല്‍മീഡിയ വഴി ചാറ്റിങ്ങും ഉണ്ടായിരുന്നു. ബിസിനസ് മാനേജ്മെന്റില്‍ പിജി കഴിഞ്ഞ ശേഷം ദുബായിലെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതപദവിയിലാണ് ജോലിയെന്ന് മാനസയോട് രാഖില്‍ പറഞ്ഞിരുന്നു. മാസങ്ങളുടെ ഇടവേളകളില്‍ നാട്ടില്‍ എത്താറുണ്ടെന്നും കുടുംബ ബിസിനസുകള്‍ നോക്കി നടത്തുന്നത് താനാണെന്നും രാഖില്‍ മാനസയോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ രാഖില്‍ പറഞ്ഞത് നുണയാണെന്ന് മാനസ കണ്ടെത്തി. ഇക്കാര്യം രാഖിലിനോട് ചോദിക്കുകയും ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതുചെവിക്കൊള്ളാതെ രാഖില്‍ നിരന്തരം മാനസയെ വിളിക്കുകയും പിന്തുടരുടകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മാനസയുടെ പിതാവ് പോലീസില്‍ പരാതിപ്പെടുകയും അവിടെ വച്ചു വിഷയം ഒത്തുതീര്‍ത്തതും. കേസ് തുടരാന്‍ താത്പര്യമില്ലെന്നും ഇനി മാനസയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പാക്കിയാല്‍ പരാതിയില്ലെന്നും പിതാവ് അറിയിച്ചു. രാഖിലും ഇക്കാര്യം സമ്മതിച്ചിരുന്നു. എന്നാല്‍, ഒഴിവാക്കിയതിലുള്ള പക മനസില്‍ കൊണ്ടു നടന്ന രാഖില്‍ ഒടുവില്‍ കൊലപാതകി ആയി മാറുകയായിരുന്നു. തന്റെ ജീവിതം തകര്‍ന്നെന്ന് രാഖില്‍ സഹോദരന് മെസേജ് അയയ്ക്കുകയും ചെയ്തിരുന്നു.. മാനസ ഒഴിവാക്കിയതില്‍ മാനസികമായി ഏറെ തകര്‍ന്ന രാഖില്‍ ആരോടും മിണ്ടാതെ കുറേ നാള് കഴിഞ്ഞിരുന്നു.
മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖില്‍ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചി വരികയായിരുന്നു. മാനസയ്ക്ക് ഈ കാര്യം അറിയില്ലായിരുന്നു. മാനസയെ രാഖില്‍ ആഴ്ചകളോളം പിന്തുടര്ന്നിരുന്നു.
പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖില്‍ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: